ഡൽഹി: സാധാരണ ഉപഭോക്താക്കൾക്ക് പെട്രോളും ഡീസലും തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനായി കേന്ദ്ര സർക്കാർ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി വ്യവസായ, വാണിജ്യ, സ്ഥാപന ആവശ്യങ്ങൾക്കായി റീട്ടെയിൽ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി.

ആദ്യഘട്ടത്തിൽ 90 ദിവസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ആവശ്യമെങ്കിൽ വിലക്കിന്റെ കാലാവധി നീട്ടാനും സർക്കാർ തീരുമാനിക്കാമെന്നാണ് സൂചന. പൊതുജനങ്ങൾക്ക് ഇന്ധന ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.
പുതിയ ഉത്തരവ് പ്രകാരം വ്യാവസായിക യൂണിറ്റുകൾ, വാണിജ്യ സ്ഥാപനങ്ങൾ, മറ്റ് വലിയ ഉപഭോക്താക്കൾ എന്നിവർക്ക് ഇനി സാധാരണ പെട്രോൾ പമ്പുകളിൽ നിന്ന് പെട്രോളോ ഡീസലോ വാങ്ങാൻ കഴിയില്ല. പകരം അംഗീകൃത ബൾക്ക് സപ്ലൈ സംവിധാനങ്ങളിലൂടെയോ സ്വന്തം കൺസ്യൂമർ പമ്പുകളിലൂടെയോ ഇന്ധനം വാങ്ങേണ്ടിവരും.
റീട്ടെയിൽ വിലയും ബൾക്ക് വിലയും തമ്മിലുള്ള വലിയ വ്യത്യാസം മുതലെടുത്ത് നിരവധി വൻകിട ഉപഭോക്താക്കൾ റീട്ടെയിൽ പമ്പുകളിൽ നിന്ന് വലിയ തോതിൽ ഇന്ധനം വാങ്ങുന്നതായി സർക്കാർ കണ്ടെത്തിയിരുന്നു. ഇതുമൂലം പല പ്രദേശങ്ങളിലും പെട്രോളിന്റെയും ഡീസലിന്റെയും ലഭ്യതയെ ബാധിക്കുന്ന സാഹചര്യം രൂപപ്പെട്ടതായും വിലയിരുത്തലുണ്ട്.
ഡീസൽ വിതരണത്തിനും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങളുടെ ഇന്ധന ടാങ്കുകളിലേക്കോ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ അംഗീകരിച്ച പ്രത്യേക കണ്ടെയ്നറുകളിലേക്കോ മാത്രമേ ഇനി ഡീസൽ വിതരണം ചെയ്യുകയുള്ളു.
കൂടാതെ, ഒരു വാഹനത്തിനോ ഉപഭോക്താവിനോ പ്രതിദിനം പരമാവധി 200 ലിറ്റർ ഡീസൽ മാത്രമേ ലഭിക്കൂ. റീട്ടെയിൽ പമ്പുകളിൽ നിന്ന് വാങ്ങുന്ന ഇന്ധനം മറ്റൊരാൾക്ക് മറിച്ചുവിൽക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. രാജ്യത്തെ ഇന്ധന വിതരണ ശൃംഖലയിൽ സമ്മർദ്ദം കുറയ്ക്കുന്നതിനും പൊതുജനങ്ങൾക്ക് ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനുമാണ് പുതിയ നിയന്ത്രണങ്ങളെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
