BREAKING NEWS


ഡൽഹി ഹോട്ടലിൽ വൻ തീപിടിത്തം; 21 മരണം, നിരവധി പേർക്ക് പരിക്ക്

By Nagaram Network
IMG 8226

ഡൽഹിയിലെ മാളവ്യ നഗറിലുള്ള ഒരു ഹോട്ടലിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 21 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാവിലെ ഉണ്ടായ അപകടത്തെ തുടർന്ന് പ്രദേശത്ത് വൻ രക്ഷാപ്രവർത്തനമാണ് നടന്നത്.

ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് അഞ്ചുനില കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലിൽ തീപിടിത്തമുണ്ടായത്. അപകടസമയത്ത് ഹോട്ടലിൽ നിരവധി അതിഥികൾ ഉണ്ടായിരുന്നതായാണ് വിവരം. ആദ്യഘട്ടത്തിൽ മൂന്ന് പേരെ മാത്രമാണ് രക്ഷപ്പെടുത്താനായത്. പിന്നീട് അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും ചേർന്ന് 40-ലേറെ പേരെ സുരക്ഷിതമായി പുറത്തേക്ക് എത്തിച്ചു.

ഇടുങ്ങിയ തെരുവിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലായതിനാൽ അഗ്നിശമന സേനയ്ക്ക് സ്ഥലത്തെത്താനും രക്ഷാപ്രവർത്തനം നടത്താനും വലിയ ബുദ്ധിമുട്ട് നേരിട്ടു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാനായത്.

കനത്ത പുകയും ആളിക്കത്തിയ തീയും കാരണം ചിലർ ജീവൻ രക്ഷിക്കാനായി കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടിയതായും ദൃക്‌സാക്ഷികൾ പറഞ്ഞു. ഏകദേശം 25 മുറികളുള്ള ഹോട്ടലിൽ അപകടസമയത്ത് നിരവധി വിദേശ പൗരന്മാർ താമസിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ചികിത്സാ ആവശ്യങ്ങൾക്കായി ഇന്ത്യയിലെത്തിയവരാണ് ഇവരിൽ പലരുമെന്നും അധികൃതർ അറിയിച്ചു. രാവിലെ ഭൂരിഭാഗം അതിഥികളും ഉറക്കത്തിലായിരുന്ന സമയത്താണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

ഹോട്ടലിന്റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന റെസ്റ്റോറന്റിൽ നിന്നാകാം തീപിടിത്തം ആരംഭിച്ചതെന്നാണ് സംശയം. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. അതേസമയം, കെട്ടിടത്തിനുള്ളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *