BREAKING NEWS


ഹാൻ്റാ വൈറസ് ആശങ്ക; ജാഗ്രത മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

By Nagaram Network
download 2026 05 08T202517.362

ജനീവ: ഹാൻ്റാ വൈറസ് കേസുകൾ വർധിക്കാനിടയുണ്ടെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (WHO). കേപ് വെർഡെ തീരത്തുണ്ടായിരുന്ന ഒരു ക്രൂയിസ് കപ്പലിലെ മൂന്ന് യാത്രക്കാർ വൈറസ് ബാധയെ തുടർന്ന് മരിച്ചതിനെ തുടർന്നാണ് മുന്നറിയിപ്പ്. വൈറസിൻ്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ ആരോഗ്യ വിദഗ്ധർ ശക്തമാക്കിയിട്ടുണ്ട്.

എലികളിലൂടെ പകരുന്ന ഹാൻ്റാ വൈറസ് കോവിഡ് പോലെ അതിവേഗ മഹാമാരിയാകാനുള്ള സാധ്യത കുറവാണെങ്കിലും മുൻകരുതൽ അനിവാര്യമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നിലവിൽ ആകെ അഞ്ച് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ മൂന്ന് പേർ മരിച്ചു.

ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത് ദക്ഷിണാഫ്രിക്ക സന്ദർശിച്ചിരുന്ന ഡച്ച് ദമ്പതികളിലായിരുന്നു. ഏപ്രിൽ ഒന്നിന് അർജൻ്റീനയിലെ ഉഷുവയ്യയിൽ നിന്ന് ക്രൂയിസ് കപ്പലിൽ കയറിയ ഇവർക്ക് പിന്നീട് രോഗലക്ഷണങ്ങൾ പ്രകടമായി. ഭർത്താവ് ഏപ്രിൽ 11ന് മരിച്ചു. തുടർന്ന് ഭാര്യക്കും രോഗം സ്ഥിരീകരിച്ച് 15 ദിവസത്തിന് ശേഷം ദക്ഷിണാഫ്രിക്കയിൽ മരിച്ചു.

രോഗലക്ഷണങ്ങൾ ഉണ്ടായിരിക്കെ ഇവർ സെൻ്റ് ഹെലനയിൽ നിന്ന് ജോഹന്നാസ്ബർഗിലേക്ക് വിമാനയാത്ര നടത്തിയതായി റിപ്പോർട്ടുണ്ട്. ഇതിനെ തുടർന്ന് വിമാനത്തിൽ ഉണ്ടായിരുന്ന 82 യാത്രികരെയും ആറു ക്രൂ അംഗങ്ങളെയും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

ഹാൻ്റാ വൈറസിൻ്റെ ഇൻക്യുബേഷൻ കാലാവധി ആറാഴ്ചവരെയാകാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. ഈ സമയത്ത് രോഗവ്യാപന സാധ്യത കൂടുതലായതിനാൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വൈറസ് നിയന്ത്രണത്തിലാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. കപ്പലുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *