കൊച്ചി: എറണാകുളം തേവര പാലത്തിൽ ലോറി അപകടത്തിൽപ്പെട്ട് പാലത്തിന്റെ കൈവരി തകർത്ത് കായലിലേക്ക് തൂങ്ങിനിൽക്കുന്ന നിലയിൽ. അപകടത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക പരന്നതോടെ പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

തേവര ജംഗ്ഷന് സമീപം കുണ്ടന്നൂരിൽ നിന്ന് ഐലൻഡിലേക്കുള്ള റോഡിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ലോറി പാലത്തിന്റെ കൈവരികൾ തകർത്തശേഷം കായലിലേക്ക് പതിക്കുന്നതിന് തൊട്ടുമുൻപായി തൂങ്ങിനിൽക്കുകയായിരുന്നു. അപകടം നടക്കുന്ന സമയത്ത് ഡ്രൈവർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. സ്ഥിതി ഗുരുതരമാണെന്ന് മനസിലാക്കിയ ഡ്രൈവർ വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. അതിനാൽ വലിയ ദുരന്തവും ആളപായവും ഒഴിവായി.
അപകടവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ്, അഗ്നിരക്ഷാസേന, മറ്റ് രക്ഷാപ്രവർത്തക സംഘങ്ങൾ എന്നിവർ സ്ഥലത്തെത്തി. ലോറി സുരക്ഷിതമായി മാറ്റുന്നതിനും ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. അപകടത്തെ തുടർന്ന് പാലത്തിലൂടെയുള്ള വാഹനഗതാഗതം ഭാഗികമായി നിയന്ത്രിച്ചിരിക്കുകയാണ്. യാത്രക്കാർക്ക് ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് പൊലീസ് നിർദേശം നൽകി.
അപകടത്തിന്റെ കാരണം വ്യക്തമല്ല. ലോറിയുടെ സാങ്കേതിക തകരാറോ നിയന്ത്രണം നഷ്ടമായതോ ആണോ അപകടത്തിന് കാരണമായതെന്ന് അന്വേഷിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു.
