BREAKING NEWS


ജെഫ്രി എപ്സ്റ്റീന്റെ കൊളംബിയൻ സന്ദർശന വിവരങ്ങൾ പുറത്തുവിടാൻ കോടതി ഉത്തരവ്

By Nagaram Network
download 2026 05 12T203930.046

കൊളംബിയ: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീൻ രാജ്യത്ത് നടത്തിയ സന്ദർശനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടാൻ കൊളംബിയൻ കോടതി ഇമിഗ്രേഷൻ അധികൃതർക്ക് ഉത്തരവിട്ടു. എപ്സ്റ്റീനും സഹായി ഗിസ്ലെയ്ന്‍ മാക്‌സ്‌വെൽയും നടത്തിയ കൊളംബിയൻ യാത്രകളെ കുറിച്ചുള്ള രേഖകളാണ് പുറത്തുവിടേണ്ടത്.

1998 മുതൽ 2002 വരെ കൊളംബിയയുടെ പ്രസിഡന്റായിരുന്ന ആൻഡ്രസ് പാസ്ട്രാനയുടെ പേര് പുറത്തുവന്ന എപ്സ്റ്റീൻ ഫയലുകളിൽ പലതവണ പരാമർശിക്കപ്പെട്ടിട്ടുണ്ട്. പാസ്ട്രാനയ്ക്ക് എപ്സ്റ്റീനുമായും മാക്‌സ്‌വെല്ലുമായും അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന സൂചനകൾ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ഇ-മെയിൽ രേഖകളും പുറത്തുവന്നിരുന്നു.

2003ൽ എപ്സ്റ്റീന്റെ സ്വകാര്യ വിമാനത്തിൽ പാസ്ട്രാന യാത്ര ചെയ്തതായും റിപ്പോർട്ടുകളുണ്ട്. 2002ൽ കൊളംബിയൻ എയർഫോഴ്‌സ് യൂണിഫോം ധരിച്ച നിലയിൽ പാസ്ട്രാനയും മാക്‌സ്‌വെല്ലും ഒരുമിച്ച് നിൽക്കുന്ന ചിത്രം പുറത്തുവന്നതും വലിയ വിവാദമായിരുന്നു.

പുറത്തുവന്ന ഇ-മെയിലുകളിൽ, കൊളംബിയയിൽ ബ്ലാക്ക്ഹോക്ക് സൈനിക ഹെലികോപ്റ്റർ പറത്തിയതായും ആമസോൺ വനമേഖലയിലെ ഗറില്ലാ സംഘങ്ങൾക്ക് നേരെ ആകാശത്തുനിന്ന് വെടിയുതിർത്തെന്നും മാക്‌സ്‌വെൽ അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ അവകാശവാദങ്ങൾ പാസ്ട്രാന നിഷേധിച്ചു.

എപ്സ്റ്റീനുമായും മാക്‌സ്‌വെല്ലുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് പാസ്ട്രാന സമ്മതിച്ചെങ്കിലും, അത് ഔദ്യോഗിക ആവശ്യങ്ങൾക്കായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപ് താൻ സന്ദർശിച്ചിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.

ദേശീയ സുരക്ഷയും വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണവും ചൂണ്ടിക്കാട്ടി ഈ വിവരങ്ങൾ പുറത്തുവിടാൻ ഇമിഗ്രേഷൻ വിഭാഗം നേരത്തെ വിസമ്മതിച്ചിരുന്നു. എന്നാൽ വിഷയം പൊതുതാത്പര്യമുള്ളതാണെന്നും പൗരന്മാർക്ക് വിവരം ലഭിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *