BREAKING NEWS


കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രം

By Nagaram Network
ChatGPT Image Jun 8 2026 01 12 24 PM

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രമായി നടപ്പാക്കാൻ തീരുമാനം. യുഡിഎഫ് സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഈ പദ്ധതി ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരുത്താനാണ് ലക്ഷ്യമിടുന്നത്. ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ഓർഡിനറി ബസുകളിൽ മാത്രമായി നടപ്പാക്കാനാണ് ധാരണ. തുടർന്ന് യാത്രാ രീതികളും സാമ്പത്തിക പ്രത്യാഘാതങ്ങളും വിലയിരുത്തിയ ശേഷം മറ്റ് സർവീസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കും.

മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും തമ്മിൽ നടന്ന ചർച്ചയിലാണ് ഇതുസംബന്ധിച്ച അന്തിമ ധാരണയായത്. പദ്ധതിമൂലം കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയും നഷ്ടവും വിലയിരുത്താൻ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ഉയർന്ന സർവീസുകളിലും ദീർഘദൂര ബസുകളിലും തുടക്കത്തിൽ തന്നെ സൗജന്യ യാത്ര അനുവദിക്കുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾക്കും വരുമാന നഷ്ടത്തിനും കാരണമാകുമെന്നാണ് കെ.എസ്.ആർ.ടി.സി വിദഗ്ധ സമിതിയുടെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തിൽ പദ്ധതി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ തീരുമാനിച്ചത്.

സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന നഷ്ടം സർക്കാർ പൂർണമായും ഏറ്റെടുക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി നടപ്പാക്കുമ്പോൾ പ്രതിമാസം ഏകദേശം 57 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത കെ.എസ്.ആർ.ടി.സിക്കുണ്ടാകുമെന്നാണ് പ്രാഥമിക കണക്ക്.

ഈ നഷ്ടം എങ്ങനെ നികത്താമെന്നും ആവശ്യമായ ഫണ്ട് എങ്ങനെ കണ്ടെത്താമെന്നും വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ധനകാര്യ സെക്രട്ടറിയോട് സർക്കാർ നിർദേശിച്ചിട്ടുണ്ട്. ആദ്യ 100 ദിവസത്തെ പ്രവർത്തനവും യാത്രക്കാരുടെ പ്രതികരണവും വിലയിരുത്തിയ ശേഷമായിരിക്കും രണ്ടാം ഘട്ടത്തിൽ മറ്റ് സർവീസുകളിലേക്കുള്ള വ്യാപനം സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *