ഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ ഹൈക്കമാൻഡ് വീണ്ടും നിർണായക ചർച്ചകൾക്ക് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി മുൻ കെപിസിസി അധ്യക്ഷൻമാരെ എഐസിസി അടിയന്തരമായി ഡൽഹിയിലേക്ക് വിളിപ്പിച്ചു.

കെ. സുധാകരൻ, കെ. മുരളീധരൻ എന്നിവർ നാളെ ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇരുവരും ഉടൻ ഡൽഹിയിൽ എത്തണമെന്ന് രാഹുൽ ഗാന്ധി നിർദേശിച്ചതായാണ് വിവരം.
മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം സുധാകരനെ ബോധ്യപ്പെടുത്തുന്നതിനായാണ് ഈ കൂടിക്കാഴ്ചയെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ചർച്ചകൾ അനുകൂലമായി മുന്നേറിയാൽ ഉടൻ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് സാധ്യത.
തീരുമാനത്തിലെ കാലതാമസം പാർട്ടി നേതാക്കളിലും പ്രവർത്തകരിലും അതൃപ്തി വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കമാൻഡ് ഇടപെടൽ ശക്തമാക്കിയത്. മുഴുവൻ മുൻ കെപിസിസി അധ്യക്ഷൻമാരെയും ഡൽഹിയിലേക്ക് വിളിച്ചിട്ടുണ്ടെന്നാണ് വിവരം.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ നടത്തിയ കൂടിക്കാഴ്ചയിലാണ് മുതിർന്ന നേതാക്കളോട് അഭിപ്രായം തേടാൻ തീരുമാനമായത്.
എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെയും ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. എന്നാൽ, മുഖ്യമന്ത്രി തർക്കം വിജയത്തിന്റെ ശോഭ കെടുത്തുന്നതാണെന്ന് പ്രതികരിച്ച മുല്ലപ്പള്ളി, ഡൽഹിയിലേക്ക് പോകില്ലെന്നും തന്റെ നിലപാട് നേതൃത്വത്തെ അറിയിക്കുമെന്നും വ്യക്തമാക്കി.
