തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയും കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾക്ക് അറുതിയാകുന്നില്ല. പാർട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നത മൂലം ഫ്ലക്സ് പ്രചാരണങ്ങളും പരസ്യ പ്രകടനങ്ങളും വർധിച്ചതോടെ നേതൃത്വം കടുത്ത നിലപാട് സ്വീകരിച്ചു.

സംസ്ഥാനത്താകെ സ്ഥാപിച്ചിരിക്കുന്ന എല്ലാ ഫ്ലക്സുകളും ഇന്ന് രാത്രി മുൻപ് നീക്കം ചെയ്യണമെന്ന് പ്രവർത്തകർക്ക് നിർദേശം നൽകിയതായി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. വിഷയത്തിൽ രാഹുൽ ഗാന്ധിയുമായി സംസാരിച്ചതിന് ശേഷമാണ് ഇത്തരമൊരു തീരുമാനം ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
“വിജയത്തിന്റെ ശോഭ കെടുത്തരുത്” എന്ന സന്ദേശവുമായി ചേരി തിരിഞ്ഞുള്ള പ്രകടനങ്ങൾ ഒഴിവാക്കണമെന്ന് പ്രവർത്തകരോട് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, നീണ്ട ചർച്ചകൾക്കൊടുവിലും മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. തീരുമാനം ഹൈക്കമാൻഡിന് വിട്ടിരിക്കുകയാണെന്ന് ദീപ ദാസ് മുൻഷി അറിയിച്ചു. അന്തിമ പ്രഖ്യാപനം മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ചേർന്ന് എടുക്കുമെന്നാണ് വിവരം.
പ്രവർത്തകർ തമ്മിലുള്ള വിഭാഗീയ പ്രകടനങ്ങൾ ഒഴിവാക്കണമെന്ന് നേതൃത്വം വീണ്ടും ശക്തമായി മുന്നറിയിപ്പ് നൽകി.
