BREAKING NEWS


ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവം: ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് കമ്മീഷണറുടെ ശാസന

By Nagaram Network
3uiH0Iho image 33

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടിന് സമീപം ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ശാസന. കമ്മീഷണർ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം തേടുകയും ശാസിക്കുകയും ചെയ്തത്.

സംഭവദിവസത്തെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച ശേഷമാണ് കമ്മീഷണർ പൊലീസുകാരോട് വിശദീകരണം ആവശ്യപ്പെട്ടത്. പ്രതിഷേധക്കാർ മുട്ട എറിയുകയും വാഹനങ്ങളെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ പ്രതികളെ തടയുന്നതിൽ പൊലീസ് വീഴ്ച വരുത്തിയതായി കമ്മീഷണർ വിലയിരുത്തി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ആവശ്യമായ നടപടി സ്വീകരിക്കാത്തതിനെക്കുറിച്ചും അദ്ദേഹം ചോദ്യം ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് വ്യക്തമായ നിർദേശം ലഭിച്ചിരുന്നില്ലെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ വിശദീകരണം. സംഭവം അപ്രതീക്ഷിതമായിരുന്നുവെന്നും കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ കമ്മീഷണറെ അറിയിച്ചു.

സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകൾ വീണാ വിജയന്റെയും തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മെയ് 27-ന് പരിശോധന നടത്തിയിരുന്നു. എട്ട് മണിക്കൂറിലധികം നീണ്ട പരിശോധനയ്ക്ക് ശേഷമാണ് ഇഡി ഉദ്യോഗസ്ഥർ മടങ്ങിയത്.

പരിശോധനയ്ക്കുശേഷം മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ പ്രതിഷേധക്കാർ വളഞ്ഞ് ആക്രമിച്ചെന്ന കേസിലാണ് അന്വേഷണം നടക്കുന്നത്. വാഹനങ്ങൾക്കുനേരെ കല്ലുകൾ, ഇഷ്ടികകൾ, മരക്കഷണങ്ങൾ എന്നിവ എറിഞ്ഞതായാണ് കേസ്.

സംഭവവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ ചിലരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കേസിലെ അഞ്ച് പ്രതികളെ നേരത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ആറു മുതൽ പത്ത് വരെയുള്ള പ്രതികളെ ഇന്ന് വൈകിട്ട് അഞ്ച് മണിവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടതായും അധികൃതർ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും സുരക്ഷാ വീഴ്ചകൾ സംബന്ധിച്ചും പ്രത്യേക പരിശോധന നടക്കുകയാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *