കൊച്ചി: അവയവദാനത്തിനായി വ്യാജ രേഖ ചമച്ച കേസിലെ മുഖ്യപ്രതി നജീബിന്റെ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. അവയവക്കച്ചവടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് നജീബ് സ്ഥലം വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

നജീബിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചതായും അന്വേഷണ സംഘം അറിയിച്ചു. അവയവം നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് ഇയാൾ മുൻകൂർ തുക കൈപ്പറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.
വിദേശത്തുള്ള നജീബിന്റെ സഹോദരനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ രാജ്യാന്തര ബന്ധങ്ങളുണ്ടോ എന്നതും പരിശോധിക്കുന്നതായി സൂചനയുണ്ട്.
അവയവദാന കച്ചവടത്തിനായി വ്യാജരേഖ നിർമ്മിച്ച കേസിൽ കൊച്ചി സിറ്റി പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. അശ്വതി ജിജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അമ്പലമേട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്.
കേരളത്തിന് പുറമെ തമിഴ്നാട്ടിലും കേസിലെ ഇരകളുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, അവയവദാനത്തിനായി ആരെയും വിദേശത്തേക്ക് കൊണ്ടുപോയിട്ടില്ലെന്നാണ് മുഖ്യപ്രതി നജീബ് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഇയാളുടെ മൊഴിയിൽ നിരവധി പൊരുത്തക്കേടുകൾ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
കർണാടക ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ കേസുകളിലും നജീബ് പ്രതിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നജീബിനെ പിടികൂടാൻ സഹായിച്ചത് മൂന്നാം ഭാര്യ റഷീദയാണെന്നും, ഇയാളെ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു.
