BREAKING NEWS


മാസപ്പടി കേസ്: സിഎംആർഎൽ അപ്പീൽ തള്ളി; ഇഡി അന്വേഷണം തുടരുമെന്ന് ഹൈക്കോടതി

By Nagaram Network
4YW995gX image 28

കൊച്ചി: മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരുമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ സമർപ്പിച്ച അപ്പീൽ കോടതി തള്ളി.

സുപ്രീംകോടതിയെ സമീപിക്കാൻ സമയം അനുവദിക്കുന്നതിനായി ഹൈക്കോടതി വിധി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന സിഎംആർഎല്ലിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. ഇതോടെ കേസിലെ ഇഡി അന്വേഷണം തുടരുമെന്നത് വ്യക്തമായി.

ഇസിഐആർ രജിസ്റ്റർ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താനാകില്ലെന്ന സിഎംആർഎല്ലിന്റെ പ്രധാന വാദവും കോടതി തള്ളി. ഇഡി അന്വേഷണ നടപടികളിൽ നിയമവിരുദ്ധതയില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.

നേരത്തെ കേസ് പരിഗണിച്ച സിംഗിൾ ബെഞ്ചും ഇഡി അന്വേഷണത്തിന് അനുമതി നൽകിയിരുന്നു. അന്ന് അന്വേഷണം തുടരാമെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെ മേൽക്കോടതിയെ സമീപിക്കാനായി ഉത്തരവ് താൽക്കാലികമായി തടഞ്ഞുവെക്കണമെന്ന ആവശ്യം സിഎംആർഎൽ ഉന്നയിച്ചിരുന്നെങ്കിലും അത് അംഗീകരിക്കപ്പെട്ടിരുന്നില്ല.

സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് പിന്നാലെ ഇഡി സംസ്ഥാനത്ത് വ്യാപക പരിശോധനകൾ നടത്തിയിരുന്നു. പ്രതിപക്ഷ നേതാവിന്റെ വീടുൾപ്പെടെ 12 ഇടങ്ങളിലാണ് അന്ന് ഇഡി റെയ്ഡ് നടത്തിയത്.

ഇഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ എംഡി ശശിധരൻ കർത്തയും കമ്പനിയിലെ അഞ്ച് ഉദ്യോഗസ്ഥരുമാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കേന്ദ്ര അന്വേഷണ ഏജൻസിയുടെ നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അന്വേഷണം നിയമപരമായി നിലനിൽക്കുന്നതല്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

എന്നാൽ ഈ വാദങ്ങൾ അംഗീകരിക്കാൻ കോടതി തയ്യാറായില്ല. അന്വേഷണവുമായി മുന്നോട്ടുപോകുന്നതിൽ ഇഡിക്ക് തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ മാസപ്പടി കേസിലെ അന്വേഷണം കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *