ഡൽഹി: ആഗോളതലത്തിൽ ക്രൂഡോയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ എണ്ണക്കമ്പനികൾ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. മെയ് 15ന് മുൻപ് തന്നെ വില വർധനവ് ഉണ്ടായേക്കാമെന്നാണ് സൂചന.

ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാകുന്നതായാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ഇന്ധനവില കൂട്ടാനുള്ള നീക്കം ശക്തമായത്.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് ക്രൂഡോയിൽ വില ബാരലിന് 70 യുഎസ് ഡോളറിൽ നിന്ന് 126 ഡോളർ വരെ ഉയർന്നിട്ടുണ്ട്. ആഗോളതലത്തിൽ ഇന്ധന പ്രതിസന്ധി രൂക്ഷമായിട്ടും ഇന്ത്യ ഇതുവരെ വിലവർധന നടപ്പിലാക്കിയിരുന്നില്ല. ഇന്ധനവിലയിലെ ഒരു വിഹിതം സർക്കാർ വഹിച്ചിരുന്നതിനാലാണ് വലിയ ആഘാതം ഒഴിവാക്കാനായത്.
പുതിയ തീരുമാനം വന്നാൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് 4 മുതൽ 5 രൂപ വരെ ഉയരാൻ സാധ്യതയുണ്ട്. അതേസമയം, ഗാർഹിക എൽപിജി സിലിണ്ടറിന് 40 മുതൽ 50 രൂപ വരെ വർധനവ് ഉണ്ടാകാമെന്നും റിപ്പോർട്ടുകൾ പറയുന്നു.
റഷ്യ, അമേരിക്ക, പശ്ചിമാഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യ വലിയ തോതിൽ ക്രൂഡോയിൽ ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തിൽ രാജ്യത്തിന് ആവശ്യമായ അസംസ്കൃത എണ്ണ ശേഖരം നിലവിലുണ്ടെന്നാണ് വിവരം.
ഇന്ധന വിതരണം തടസപ്പെടാതിരിക്കാൻ രാജ്യത്തെ റിഫൈനറികൾ 100 ശതമാനത്തിലധികം ശേഷിയിൽ പ്രവർത്തിക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
