തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പുതിയ നടപടികളുമായി Kerala State Road Transport Corporation. ജെൻഡർ ടിക്കറ്റിങ് നടപ്പാക്കുന്നതിന്റെ ഭാഗമായി യാത്രക്കാരുടെ കണക്കെടുപ്പ് ആരംഭിച്ചു. യാത്രക്കാരുടെ ജെൻഡർ രേഖപ്പെടുത്താനാണ് കെഎസ്ആർടിസി നിർദേശം നൽകിയിരിക്കുന്നത്.

ടിക്കറ്റ് മെഷീനിൽ ഇതിനായി പുതിയ ഓപ്ഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റ് എടുക്കുമ്പോൾ യാത്രക്കാരൻ സ്ത്രീയാണോ പുരുഷനാണോ എന്ന് രേഖപ്പെടുത്താൻ ഇതിലൂടെ സാധിക്കും. കെഎസ്ആർടിസിയിൽ പ്രതിദിനം യാത്ര ചെയ്യുന്ന സ്ത്രീകളുടെ കൃത്യമായ എണ്ണം കണ്ടെത്തുകയാണ് ലക്ഷ്യം.
ഇത്തരത്തിലുള്ള കണക്കെടുപ്പ് വഴി സൗജന്യ യാത്രാ പദ്ധതി നടപ്പാക്കുന്നതിനുള്ള സാമ്പത്തിക ബാധ്യത, പ്രത്യേക പാക്കേജുകൾ, സർക്കാർ ചെലവഴിക്കേണ്ട തുക എന്നിവ കൃത്യമായി വിലയിരുത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
‘ഇന്ദിരാ ഗ്യാരണ്ടി’ എന്ന പേരിൽ കോൺഗ്രസ് പ്രഖ്യാപിച്ച അഞ്ച് പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര. യുഡിഎഫ് ഭരണത്തിലെത്തിയതിന് പിന്നാലെ നിരവധി സ്ത്രീകൾ സൗജന്യ യാത്രയെക്കുറിച്ചുള്ള പ്രതികരണങ്ങളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
