BREAKING NEWS


ഐപിഎൽ ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റിരുന്നത് വൻതുകയ്ക്ക്; ദില്ലിയിൽ മൂന്ന് പേർ അറസ്റ്റിൽ

By Nagaram Network
delhi ipl

ദില്ലി: ടാറ്റ ഐപിഎൽ മത്സര ടിക്കറ്റുകൾ കരിഞ്ചന്തയിൽ വൻ തുകയ്ക്ക് വിൽക്കുന്നതായി കണ്ടെത്തിയ സംഭവത്തിൽ മാഫിയാ സംഘത്തിലെ മൂന്ന് പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. മുകീം (35), സാജിദ് (36), മുഹമ്മദ് ഫൈസൽ (38) എന്നിവരാണ് അറസ്റ്റിലായത്.

ക്രൈംബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദില്ലി ഗേറ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കോപ്ലിമെന്ററി പാസുകളും റെഗുലർ ടിക്കറ്റുകളും ഉയർന്ന വിലയ്ക്ക് വിറ്റിരുന്നതായി പൊലീസ് അറിയിച്ചു.

ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ പ്രതിനിധികളാണെന്ന് പരിചയപ്പെടുത്തിയാണ് പ്രതികൾ ടിക്കറ്റുകൾ വിതരണം ചെയ്തിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പിടിയിലായവരിൽ നിന്ന് 54 റെഗുലർ ടിക്കറ്റുകളും 33 കോപ്ലിമെന്ററി പാസുകളും 25,000 രൂപയും കണ്ടെത്തി.

പൊലീസ് പറയുന്നതനുസരിച്ച് കോപ്ലിമെന്ററി പാസുകൾ 20,000 രൂപ വരെയും റെഗുലർ ടിക്കറ്റുകൾ അതിന്റെ ഔദ്യോഗിക വിലയെക്കാൾ പലമടങ്ങ് ഉയർന്ന നിരക്കിലുമാണ് വിറ്റിരുന്നത്. മത്സരത്തിന്റെ ജനപ്രീതിയും നഗരവും അനുസരിച്ച് വില മാറിയിരുന്നതായും അന്വേഷണ സംഘം വ്യക്തമാക്കി.

മത്സരങ്ങൾ നടക്കുന്ന വിവിധ നഗരങ്ങളിൽ പ്രവർത്തിക്കുന്ന വലിയ സംഘങ്ങളുടെ ഭാഗമാണ് അറസ്റ്റിലായവർ എന്നാണ് പൊലീസ് നിഗമനം. അന്വേഷണം തുടരുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *