തിരുവനന്തപുരം: ദേവസ്വം സ്പെഷ്യൽ പ്ലീഡറായി നിയമിക്കപ്പെട്ട അഭിഭാഷകൻ കെ.ബി. പ്രദീപ് രാജിവെച്ചു. നിയമനം വലിയ വിവാദമായതിനെ തുടർന്ന് മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതോടെയാണ് രാജി സമർപ്പിച്ചത്.

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കെ.ബി. പ്രദീപിന്റെ നിയമനം ചോദ്യം ചെയ്യപ്പെട്ടിരുന്നു. സ്മാർട്ട് ക്രിയേഷൻസ് സ്ഥാപനത്തിന്റെ അഭിഭാഷകനായിരുന്ന പ്രദീപ്, ശബരിമല സ്വർണക്കൊള്ള ആരോപണങ്ങൾ പുറത്തുവന്നതിന് പിന്നാലെ സ്ഥാപനത്തെ ന്യായീകരിച്ച് പൊതുവേദികളിൽ രംഗത്തെത്തിയിരുന്നു.
സ്വർണം പൂശിയതിന് മുകളിൽ സ്വർണം പതിപ്പിക്കാനുള്ള സാങ്കേതിക സംവിധാനം സ്ഥാപനത്തിനില്ലെന്നും യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്നുമായിരുന്നു അന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനിടെ സർക്കാർ പുറത്തിറക്കിയ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരുടെ പട്ടികയിൽ കെ.ബി. പ്രദീപിനെയും ഉൾപ്പെടുത്തി ദേവസ്വം കേസുകളുടെ ചുമതല നൽകുകയായിരുന്നു.
നിലവിൽ ദേവസ്വം ബോർഡിന് സ്റ്റാൻഡിംഗ് കൗൺസിൽ ഇല്ലാത്ത സാഹചര്യത്തിൽ ദേവസ്വവുമായി ബന്ധപ്പെട്ട പ്രധാന കേസുകളുടെ മുഴുവൻ ഉത്തരവാദിത്തവും പ്രദീപിന് ലഭിക്കുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം തുടരുകയും ഇതുവരെ കുറ്റപത്രം സമർപ്പിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ നിയമനത്തിനെതിരെ ശക്തമായ വിമർശനമാണ് ഉയർന്നത്.
വിവാദം ശക്തമായതോടെ സർക്കാർ പ്രതിരോധത്തിലായി. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതും കെ.ബി. പ്രദീപ് സ്ഥാനമൊഴിഞ്ഞതും.
അതേസമയം, യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമനവുമായി ബന്ധപ്പെട്ട് ഉയരുന്ന രണ്ടാമത്തെ പ്രധാന വിവാദമാണിത്. നേരത്തെ പ്രതിപക്ഷ നേതാവ് സണ്ണി ജോസഫിന്റെ ബന്ധു പേഴ്‌സണൽ സ്റ്റാഫിൽ നിന്ന് രാജിവെച്ച സംഭവവും രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
കെ.ബി. പ്രദീപിന്റെ രാജിയോടെ ദേവസ്വം സ്പെഷ്യൽ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് താത്കാലിക വിരാമമായെങ്കിലും, ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
