ഡൽഹി : നീറ്റ് പുനഃപരീക്ഷയിലും ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തതോടെ പരീക്ഷാ നടത്തിപ്പിനെച്ചൊല്ലിയുള്ള ആശങ്കകൾ വീണ്ടും ശക്തമാകുന്നു. ബീഹാറിൽ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയെന്ന ആരോപണത്തിൽ ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യഥാർത്ഥ വിദ്യാർഥികൾക്ക് പകരം മറ്റുള്ളവർ പരീക്ഷ എഴുതിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ബീഹാറിലെ ലഖിസരായിയിലാണ് സംഭവം. ആൾമാറാട്ട റാക്കറ്റുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പരീക്ഷാ ക്രമക്കേടിന് പിന്നിൽ സംഘടിത സംഘമുണ്ടോയെന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
അതേസമയം, ഉത്തർപ്രദേശിലും നീറ്റ് പുനഃപരീക്ഷയ്ക്കിടെ സംശയാസ്പദ സാഹചര്യം കണ്ടെത്തി. പരീക്ഷയെഴുതാനെത്തിയ വിദ്യാർഥിയുടെ അടിവസ്ത്രത്തിൽ നിന്ന് സിം കാർഡും പഴയ നീറ്റ് ചോദ്യപേപ്പറും കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബല്ലിയ സ്വദേശിയായ പ്രിൻസ് ദുബെയെയാണ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെയാണ് പുനഃപരീക്ഷയിലും ക്രമക്കേടുകൾ പുറത്തുവരുന്നത്. സംഭവങ്ങളിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഇതിനിടെ, പരീക്ഷയുടെ മൂല്യനിർണയ നടപടികൾ ആരംഭിച്ചതായി ദേശീയ പരീക്ഷ ഏജൻസിയായ എൻടിഎ അറിയിച്ചു. ഈ മാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കാനാണ് ശ്രമിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
പുനഃപരീക്ഷയിലും ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ഏറ്റവും വലിയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ വിശ്വാസ്യത സംബന്ധിച്ച ചോദ്യങ്ങൾ വീണ്ടും ഉയരുകയാണ്.
