കോഴിക്കോട്: സംസ്ഥാനത്ത് ലഹരിക്കും നിരോധിത പുകയില ഉൽപ്പന്നങ്ങൾക്കുമെതിരായ നടപടികൾ ശക്തമായി തുടരുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തൂഫാൻ ഒരു കാരണവശാലും അവസാനിപ്പിക്കില്ലെന്നും ലഹരിക്കെതിരായ പോരാട്ടത്തിൽ കൂടുതൽ മതനേതാക്കളുടെയും സാമൂഹിക സംഘടനകളുടെയും പിന്തുണ തേടുമെന്നും മന്ത്രി വ്യക്തമാക്കി.
കോഴിക്കോട് ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷൻ തൂഫാനിലൂടെ ഇതിനകം ഏകദേശം 15 കോടി രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെയും എംഎൽഎമാരെയും എംപിമാരെയും ഉൾപ്പെടുത്തി സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി ‘തൂഫാൻ സ്ട്രൈക്ക്’, ‘തൂഫാൻ വാരിയർ’, ‘തൂഫാൻ കെയർ’ എന്നീ പദ്ധതികൾ ആരംഭിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങളിൽ നിന്ന് മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്നും, ലഹരി ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങൾ നേരിട്ട് പൊലീസിനെ അറിയിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രണ്ട് നൈജീരിയൻ പൗരന്മാരെ ഉൾപ്പെടെ നിരവധി പേരെ ലഹരി കേസുകളിൽ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിഥി തൊഴിലാളികൾക്കിടയിലും ബോധവത്കരണം വ്യാപിപ്പിക്കുന്നതിനായി മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
കാന്തപുരവുമായി കൂടിക്കാഴ്ച
ഓപ്പറേഷൻ തൂഫാനിന് സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രി മർക്കസിലെത്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തിയത്. തൂഫാൻ വാരിയർ ബാഡ്ജ് കാന്തപുരത്തെ അണിയിച്ച മന്ത്രി, പള്ളികളിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ അഭ്യർത്ഥിച്ചു.
സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച കാന്തപുരം, ഇത് മാതൃകാപരമായ നടപടിയാണെന്നും സമൂഹത്തിന്റെ സഹകരണം അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടു.
ആൾക്കൂട്ട വിചാരണയിൽ അന്വേഷണം
കുറ്റ്യാടിയിൽ റിപ്പോർട്ട് ചെയ്ത ആൾക്കൂട്ട വിചാരണ സംഭവത്തിലും ആഭ്യന്തരമന്ത്രി പ്രതികരിച്ചു. ഓപ്പറേഷൻ തൂഫാൻ ആൾക്കൂട്ട വിചാരണയ്ക്കോ നിയമം കൈയിലെടുക്കുന്നതിനോ വേണ്ടിയുള്ളതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ അന്വേഷണം നടത്താൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും, തൂഫാന്റെ പേരിൽ നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭിച്ച ശേഷം വിഷയത്തിൽ വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ ഇതുവരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
