BREAKING NEWS


കുംഭമേള വൈറൽ താരത്തിന് സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം; ജീവന് ഭീഷണിയെന്ന് യുവതി

By Nagaram Network
image 2026 06 20T154225.085

കൊച്ചി: കുംഭമേള വൈറൽ താരമായി ശ്രദ്ധ നേടിയ യുവതിക്ക് സുരക്ഷ ഉറപ്പാക്കാൻ പൊലീസിനോട് ഹൈക്കോടതിയുടെ നിർദേശം. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതി സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെട്ടത്. കൊച്ചി സെൻട്രൽ പൊലീസിനാണ് ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി നിർദേശം നൽകിയത്.

കേരളത്തിലായതിനാലാണ് താൻ സുരക്ഷിതമായി ജീവിക്കുന്നതെന്നും മധ്യപ്രദേശിലേക്ക് മടങ്ങിയാൽ ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന ഭീഷണി നേരിടുന്നതായും യുവതി കോടതിയെ അറിയിച്ചു. ലഭിച്ച ഭീഷണി സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും യുവതി കോടതിയിൽ ഹാജരാക്കി.

അതേസമയം, കേസിലെ പ്രധാന വിവാദം യുവതിയുടെ പ്രായവുമായി ബന്ധപ്പെട്ടതാണ്. താൻ പ്രായപൂർത്തിയായ വ്യക്തിയാണെന്നാണ് യുവതിയുടെ അവകാശവാദം. എന്നാൽ യുവതി പ്രായപൂർത്തിയായിട്ടില്ലെന്നാണ് മധ്യപ്രദേശ് സർക്കാരിന്റെ നിലപാട്.

കഴിഞ്ഞ മാർച്ച് 11-ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു യുവതിയുടെ വിവാഹം. വിവാഹസമയത്ത് യുവതിക്ക് 16 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് ദേശീയ പട്ടികവർഗ കമ്മീഷന്റെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

മഹേശ്വർ സർക്കാർ ആശുപത്രിയിലെ ജനന സർട്ടിഫിക്കറ്റ് പ്രകാരം യുവതി 2009 ഡിസംബർ 30-നാണ് ജനിച്ചതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തിരുവനന്തപുരം പൊലീസിന് മുമ്പാകെ യുവതി ഹാജരാക്കിയ രേഖകളിൽ ജനന തീയതി 2008 ജനുവരി 1 എന്നാണ് കാണിച്ചിരിക്കുന്നത്.

യുവതി സമർപ്പിച്ച ജനന സർട്ടിഫിക്കറ്റ് വ്യാജമായി തയ്യാറാക്കിയതാണെന്നാണ് ദേശീയ പട്ടികവർഗ കമ്മീഷന്റെ ആരോപണം. പ്രായവുമായി ബന്ധപ്പെട്ട തർക്കവും സുരക്ഷാ ആശങ്കകളും തുടരുന്നതിനിടെ ഹൈക്കോടതിയുടെ ഇടപെടൽ കേസിന് പുതിയ വഴിത്തിരിവായിരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *