BREAKING NEWS


മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ ഹാജരായി വീണ ടി; സിഎംആർഎൽ ഇടപാടുകളിൽ വിശദമായ ചോദ്യം ചെയ്യൽ

By Nagaram Network
image 30

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരായി. രാവിലെ 10.30ഓടെ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയ വീണ, ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് ചോദ്യം ചെയ്യലിന് എത്തിയത്.

സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ, എക്സാലോജിക് കമ്പനിക്ക് ലഭിച്ച പണമിടപാടുകൾ, വായ്പാ ഇടപാടുകൾ എന്നിവ സംബന്ധിച്ചാണ് ഇഡി വിശദമായ വിവരങ്ങൾ തേടുന്നത്. നേരത്തെ വെള്ളിയാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വീണ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പുതുക്കിയ സമൻസിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ ഹാജരാകൽ.

ഇതിനിടെ കേസുമായി ബന്ധപ്പെട്ട് സിഎംആർഎൽ ജോയിന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ് കർത്തയെയും സിഎംആർഎൽ ഡയറക്ടറും എംപവർ ഇന്ത്യ ഡയറക്ടറുമായ ജയ കർത്തയെയും ഇഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു. രാവിലെ ഇഡി ഓഫീസിലെത്തിയ ഇരുവരോടും മണിക്കൂറുകളോളം വിശദമായ ചോദ്യം ചെയ്യൽ നടത്തിയതായാണ് വിവരം.

എക്സാലോജിക് കമ്പനിക്ക് നൽകിയ തുകയുടെ സ്വഭാവം, അതിന് പകരമായി ലഭിച്ച സേവനങ്ങൾ, സാമ്പത്തിക ഇടപാടുകളുടെ പശ്ചാത്തലം തുടങ്ങിയ കാര്യങ്ങളാണ് ശരൺ എസ് കർത്തയിൽ നിന്ന് ഇഡി അന്വേഷിച്ചത്. അതേസമയം, സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമായ എംപവർ ഇന്ത്യയിൽ നിന്ന് വീണയ്ക്ക് നൽകിയ 50 ലക്ഷം രൂപയുടെ വായ്പ സംബന്ധിച്ച വിവരങ്ങളാണ് ജയ കർത്തയോട് തേടിയത്.

വായ്പ അനുവദിച്ച സാഹചര്യങ്ങൾ, തിരിച്ചടവ് വിവരങ്ങൾ, അനുബന്ധ സാമ്പത്തിക രേഖകൾ എന്നിവയും അന്വേഷണത്തിന്റെ ഭാഗമായിട്ടുണ്ട്. കേസിലെ നിർണായക ഘട്ടത്തിലാണ് ഇപ്പോഴത്തെ ചോദ്യം ചെയ്യലുകൾ നടക്കുന്നത്. വീണയുടെ മൊഴിയും മുൻപ് ശേഖരിച്ച രേഖകളും തമ്മിൽ പൊരുത്തം പരിശോധിച്ച ശേഷമാകും അന്വേഷണത്തിന്റെ തുടർനടപടികൾ ഇഡി തീരുമാനിക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *