BREAKING NEWS


തമിഴ് സിനിമയുടെ തിരക്കഥാ വിസ്മയം കെ. ഭാഗ്യരാജ് അന്തരിച്ചു

By Nagaram Network
image 2026 06 27T111056.037
ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര നടനും സംവിധായകനും തിരക്കഥാകൃത്തുമായ കെ. ഭാഗ്യരാജ് (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളിലും സംവിധായകരിലും ഒരാളായി വിലയിരുത്തപ്പെടുന്ന ഭാഗ്യരാജിന്റെ വിയോഗം ദക്ഷിണേന്ത്യൻ ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടമായിരിക്കുകയാണ്. 1953 ജനുവരി 7ന് ജനിച്ച കൃഷ്ണസ്വാമി ഭാഗ്യരാജ്, തമിഴ് സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു. സംവിധായകൻ ഭാരതിരാജയുടെ സഹസംവിധായകനായും തിരക്കഥാ സഹായിയായുമാണ് സിനിമാ ജീവിതം ആരംഭിച്ചത്. 16 വയതിനിലേ, കിഴക്കേ പോകും റെയിൽ, സിഗപ്പ് റോജാക്കൾ തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമാലോകത്ത് ശ്രദ്ധേയനായി. 1979ൽ ചുവരില്ലാത ചിത്രങ്ങൾ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച ഭാഗ്യരാജ്, അതേ കാലഘട്ടത്തിൽ തന്നെ തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയ സംവിധായകരിൽ ഒരാളായി മാറി. ഭാരതിരാജ സംവിധാനം ചെയ്ത പുതിയ വാർപ്പുകൾ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം. ഈ ചിത്രത്തിന് മികച്ച സംഭാഷണ രചയിതാവിനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. എഴുപത്തിയഞ്ചിലധികം ചിത്രങ്ങളിൽ അഭിനയിക്കുകയും 25-ലധികം സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്ത ഭാഗ്യരാജ്, കുടുംബ പശ്ചാത്തലത്തിലുള്ള കഥകളെയും നർമ്മവും വികാരവും സമന്വയിപ്പിച്ച തിരക്കഥകളെയും ജനപ്രിയമാക്കി. 1983ൽ പുറത്തിറങ്ങിയ മുന്താനൈ മുടിച്ച് എന്ന ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെയർ മികച്ച നടനുള്ള പുരസ്കാരം നേടി. മലയാളികൾക്കും സുപരിചിതനായിരുന്നു ഭാഗ്യരാജ്. ദിലീപ് നായകനായ മിസ്റ്റർ മരുമകൻ ഉൾപ്പെടെ നിരവധി മലയാള ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തമിഴിന് പുറത്തും വലിയ ആരാധകവൃന്ദം സ്വന്തമാക്കിയിരുന്ന അദ്ദേഹത്തിന്റെ സംഭാവനകൾ ദക്ഷിണേന്ത്യൻ സിനിമയുടെ വളർച്ചയിൽ നിർണായകമായിരുന്നു. 2014ൽ സൈമ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ലഭിച്ച ഭാഗ്യരാജ്, സിനിമയ്ക്ക് പുറമെ എഴുത്തിലും രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമായിരുന്നു. ‘ഭാഗ്യ’ എന്ന ജനപ്രിയ തമിഴ് വാരികയുടെ എഡിറ്ററായും നിരവധി നോവലുകളുടെയും പുസ്തകങ്ങളുടെയും രചയിതാവായും അദ്ദേഹം പ്രവർത്തിച്ചു. സമീപകാലത്തും അഭിനയരംഗത്ത് സജീവമായിരുന്ന ഭാഗ്യരാജ് കണിതൻ, തുപ്പറിവാളൻ, പൊന്മകൾ വന്താൽ, സൂപ്പർ സീനിയർ ഹീറോസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പുതിയ തലമുറ പ്രേക്ഷകരിലേക്കും എത്തി. തിരക്കഥയിലും സംവിധാനത്തിലും അഭിനയത്തിലും തന്റേതായ ശൈലി സൃഷ്ടിച്ച കെ. ഭാഗ്യരാജിന്റെ വിയോഗത്തോടെ തമിഴ് സിനിമയുടെ ഒരു സുവർണ്ണ അധ്യായത്തിനാണ് തിരശീല വീഴുന്നത്.
Spread the love

Leave a Reply

Your email address will not be published. Required fields are marked *