ചെന്നൈ: നടൻ സൂര്യയുടെ രാഷ്ട്രീയ പ്രവേശനത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് താരം. താൻ കക്ഷി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കില്ലെന്നും, നിലവിൽ സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും സൂര്യ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

സൂര്യ ആരാധക സംഘടനയുടെ ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ ഉയർന്ന ചില പരാമർശങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചത്. “കാലവും സാഹചര്യവും അനുകൂലമായാൽ സൂര്യയെ തടയാനാവില്ല”, “അദ്ദേഹം ജനനായകനായി ഉയരും” തുടങ്ങിയ പ്രസ്താവനകൾ യോഗത്തിൽ ഉയർന്നിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ, നടൻ വിജയിക്ക് പിന്നാലെ സൂര്യയും രാഷ്ട്രീയത്തിലേക്ക് കടക്കുമോ എന്ന ചർച്ച തമിഴ്നാട്ടിൽ ശക്തമായി.
എന്നാൽ ഈ പരാമർശങ്ങൾ തന്റെ ഔദ്യോഗിക നിലപാടല്ലെന്ന് സൂര്യ വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനോ ഏതെങ്കിലും രാഷ്ട്രീയ മുന്നണിയുടെ ഭാഗമാകാനോ നിലവിൽ പദ്ധതികളില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹിക ക്ഷേമം തുടങ്ങിയ മേഖലകളിൽ വർഷങ്ങളായി നടത്തുന്ന സേവന പ്രവർത്തനങ്ങൾ തുടരുമെന്നും സൂര്യ പ്രസ്താവനയിൽ വ്യക്തമാക്കി. സമൂഹത്തിന് ഗുണകരമായ ഇടപെടലുകളിലാണ് തന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴ് സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളായ സൂര്യയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ മുമ്പും ഉയർന്നിട്ടുണ്ടെങ്കിലും, ഇത്തവണ താരം നേരിട്ട് രംഗത്തെത്തി വിശദീകരണം നൽകിയതോടെ ചർച്ചകൾക്ക് താൽക്കാലിക വിരാമമായിരിക്കുകയാണ്.
അതേസമയം, തമിഴ്നാട്ടിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജനപ്രീതിയുള്ള സിനിമാതാരങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ ഇപ്പോഴും വലിയ പൊതുചർച്ചകൾക്ക് വഴിവെക്കുന്നതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
