BREAKING NEWS


കേരള സർവകലാശാല പരീക്ഷയിൽ ഗുരുതര പിഴവ്; ചോദ്യപേപ്പറിൽ തന്നെ ഉത്തരവും അച്ചടിച്ചു

By Nagaram Network
image 2026 07 06T162620.804

തിരുവനന്തപുരം: കേരള സർവകലാശാലയുടെ പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച. ഇന്ന് നടന്ന ബിഎസ്‌സി രണ്ടാം സെമസ്റ്റർ സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ ചോദ്യപേപ്പറിൽ ഒരു ചോദ്യത്തിനൊപ്പം അതിന്റെ ഉത്തരവും അച്ചടിച്ച് വന്നതായി കണ്ടെത്തി.

അഞ്ചാം ചോദ്യത്തിനൊപ്പമാണ് ഉത്തരവും പ്രിന്റ് ചെയ്തിരുന്നത്. പരീക്ഷയ്ക്കിടെ തന്നെ വിദ്യാർഥികളാണ് പിഴവ് ശ്രദ്ധയിൽപ്പെടുത്തിയത്. സംഭവം പുറത്തുവന്നതോടെ പരീക്ഷാ നടത്തിപ്പിനെതിരെ വിമർശനവും ഉയർന്നിട്ടുണ്ട്.

സംഭവത്തെ തുടർന്ന് വിഷയത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. ചോദ്യപേപ്പർ തയ്യാറാക്കലിലും അച്ചടിയിലും എവിടെയാണ് പിഴവ് സംഭവിച്ചതെന്ന് കണ്ടെത്താൻ ബോർഡ് ഓഫ് എക്സാമിനേഷനോട് വിശദീകരണം തേടിയതായും അധികൃതർ വ്യക്തമാക്കി.

അതേസമയം, പരീക്ഷയുടെ മൂല്യനിർണയത്തെയോ ഫലപ്രഖ്യാപനത്തെയോ ഈ പിഴവ് ബാധിക്കുമോയെന്ന കാര്യത്തിൽ സർവകലാശാല ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

ചോദ്യപേപ്പറിൽ തന്നെ ഉത്തരവും ഉൾപ്പെട്ടത് പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന സംഭവമാണെന്നാണ് വിദ്യാർഥികളും അധ്യാപകരും ചൂണ്ടിക്കാട്ടുന്നത്. സംഭവത്തിൽ ഉത്തരവാദിത്തം കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *