കൊച്ചി: നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടി ലക്ഷ്മി പ്രിയയ്ക്കും നടി ശ്വേതാ മേനോന്നും എതിരെ കേസെടുക്കാത്തതിനെതിരെ അൻസിബ കോടതിയെ സമീപിച്ചു. ഓൺലൈൻ മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചുവെന്ന പരാതിയിലാണ് നടപടി ആവശ്യപ്പെട്ട് അൻസിബ ഹർജി നൽകിയത്.

പരാതി ലഭിച്ചിട്ടും പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തില്ലെന്നാണ് അൻസിബയുടെ ആരോപണം. ഇതോടെയാണ് നിയമനടപടിക്കായി കോടതി സമീപിച്ചത്. ഇതിനിടെ, നടൻ ടിനി ടോമിനെതിരെ അൻസിബ നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസെടുക്കാൻ കഴിയില്ലെന്ന പൊലീസ് റിപ്പോർട്ട് കോടതി തള്ളിയതിനെ തുടർന്നാണ് നടപടി.
ടിനി ടോമിനെതിരായ പരാതിയിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. നടി നീന കുറുപ്പിന്റെ മൊഴിയിലും പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരാമർശിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ബിഎൻഎസ് 173(5) വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്യാൻ കടവന്ത്ര പൊലീസിന് കോടതി നിർദേശം നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള പരാതികൾ വിശദമായി അന്വേഷിക്കണമെന്നും ഉത്തരവിലുണ്ട്. അൻസിബയുടെ പരാതിയിൽ നേരത്തെ കേസെടുക്കാൻ മതിയായ തെളിവില്ലെന്ന നിലപാടായിരുന്നു പൊലീസിന്. പരാതിയിലെ ആരോപണങ്ങൾ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും കേസ് രജിസ്റ്റർ ചെയ്യാനാകില്ലെന്നുമായിരുന്നു അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്.
അതേസമയം, താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര വിവാദങ്ങളുമായി ബന്ധപ്പെട്ടാണ് അൻസിബയുടെ പരാതികൾ പൊതുചർച്ചയായത്. ടിനി ടോം തനിക്കെതിരെ നിരന്തരം സൈബർ അധിക്ഷേപവും വർഗീയ പരാമർശങ്ങളും നടത്തിയെന്നായിരുന്നു അൻസിബയുടെ പരാതി.
തന്റെ കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നുവെന്നും, ചിലരുടെ ഭാഗത്ത് നിന്ന് തേജോവധ ശ്രമങ്ങൾ ഉണ്ടായെന്നുമുള്ള ആരോപണങ്ങൾ അൻസിബ നേരത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ ഉന്നയിച്ചിരുന്നു. ടിനി ടോമിനെതിരായ കേസിലെ അന്വേഷണവും ലക്ഷ്മി പ്രിയ, ശ്വേതാ മേനോൻ എന്നിവർക്കെതിരായ പരാതിയുമായി ബന്ധപ്പെട്ട കോടതിയുടെ തുടർ നടപടികളും ഇനി നിർണായകമാകും.
