തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അതത് ജില്ലാ കളക്ടർമാരാണ് ഉത്തരവിറക്കിയത്.

മലപ്പുറത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
ജില്ലയിൽ ശക്തമായ മഴ തുടരുകയും ദുരന്തസാധ്യത നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. അങ്കണവാടികൾ, മദ്റസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. അതേസമയം, സർവകലാശാല പരീക്ഷകൾ, പി.എസ്.സി പരീക്ഷകൾ ഉൾപ്പെടെയുള്ള മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. നഷ്ടപ്പെടുന്ന പ്രവൃത്തി ദിവസം പിന്നീട് നികത്താൻ സ്ഥാപന മേധാവികൾ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
വയനാട്ടിൽ റെഡ് അലർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്നാണ് അവധി. അങ്കണവാടികൾ, മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കി.
കോഴിക്കോടും അവധി
കോഴിക്കോട് ജില്ലയിലും കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, മദ്റസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കാണ് അവധി ബാധകം. സർവകലാശാല പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും മാറ്റമില്ല. ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് തടസമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ജാഗ്രത നിർദേശം
സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും മലവെള്ളപ്പാച്ചിൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ നിരന്തരം ശ്രദ്ധിക്കണമെന്നും ദുരന്തനിവാരണ വിഭാഗം അറിയിച്ചു.
