മാസപ്പടി കേസ്: സിഎംആർഎൽ അപ്പീൽ തള്ളി; ഇഡി അന്വേഷണം തുടരുമെന്ന് ഹൈക്കോടതി
കൊച്ചി: മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരുമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ സമർപ്പിച്ച അപ്പീൽ കോടതി തള്ളി.
സുപ്രീംകോടതിയെ സമീപിക്കാൻ സമയം അനുവദിക്കുന്നതിനായി ഹൈക്കോടതി വിധി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന സിഎംആർഎല്ലിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. ഇതോടെ കേസിലെ ഇഡി അന്വേഷണം തുടരുമെന്നത് വ്യക്തമായി.
ഇസിഐആർ രജിസ്റ്റർ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താനാകില്ലെന്ന സിഎംആർഎല്ലിന്റെ പ്രധാന വാദവും കോടതി തള്ളി. ഇഡി അന്വേഷണ നടപടികളിൽ നിയമവിരുദ്ധതയില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.
നേരത്തെ കേസ് പരിഗണിച്ച സിംഗിൾ ബെഞ്ചും ഇഡി അന്വേഷണത്തിന് അനുമതി നൽകിയിരുന്നു. അന്ന് അന്വേഷണം തുടരാമെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെ മേൽക്കോടതിയെ സമീപിക്കാനായി ഉത്തരവ് താൽക്കാലികമായി തടഞ്ഞുവെക്കണമെന്ന ആവശ്യം സിഎംആർഎൽ ഉന്നയിച്ചിരുന്നെങ്കിലും അത് അംഗീകരിക്കപ്പെട...









