തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കൊട്ടിക്കലാശം ആവേശകരമായി സമാപിച്ചു. വൈകിട്ട് ആറുമണിവരെ നീണ്ട പ്രചാരണത്തിന് ശേഷം ഇനി നാളെ നിശബ്ദ പ്രചാരണ ദിനമായിരിക്കും. ഒമ്പതാം തീയതി വോട്ടെടുപ്പ് നടക്കും.
എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ എന്നീ മുന്നണികള്‍ വലിയ ആവേശത്തിലാണ് കൊട്ടിക്കലാശം നടത്തിയത്. നിശബ്ദ പ്രചാരണ സമയത്ത് നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
വോട്ടിംഗ് യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ബുധനാഴ്ച രാവിലെ എട്ടുമുതല്‍ നിയോജകമണ്ഡലംതല കേന്ദ്രങ്ങളില്‍ ആരംഭിക്കും. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടര്‍മാര്‍ക്ക് ബൂത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല. ഇതിനായി ബൂത്തുകളില്‍ മൊബൈല്‍ ഡെപ്പോസിറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പ്രചാരണത്തില്‍ ‘ഡീല്‍’ വിവാദവും ശബരിമല സ്വര്‍ണക്കൊള്ള വിഷയവും യുഡിഎഫ് പ്രധാന ആയുധമാക്കിയപ്പോള്‍, വയനാട് പുനരധിവാസം വൈകുന്നതാണ് എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടിയത്. ഇരുവിഭാഗങ്ങള്‍ക്കുമെതിരെ കേന്ദ്ര വികസന പദ്ധതികള്‍ മുന്‍നിര്‍ത്തിയാണ് എന്‍ഡിഎ പ്രചാരണം നടത്തിയതും ശ്രദ്ധേയമായി.
തെരഞ്ഞെടുപ്പിനായി മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ആവശ്യമായ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി. യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ സുരക്ഷാ ആവശ്യം സംബന്ധിച്ച ഹര്‍ജിയും ഹൈക്കോടതി പരിഗണിച്ച് തീര്‍പ്പാക്കിയിട്ടുണ്ട്.

