തിരുവനന്തപുരം: എൽഡിഎഫ് പ്രകടനപത്രികയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് അന്തിമ രൂപം നൽകും. സാമൂഹിക ക്ഷേമ പെൻഷൻ 3500 രൂപയായി ഉയർത്തണമെന്ന് സബ്കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഈ നിർദേശങ്ങൾ ഉൾപ്പെടുത്തി കരട് തയ്യാറാക്കിയിരിക്കുന്നത്.

റേഷൻ കാർഡ് അടിസ്ഥാനമില്ലാതെ എല്ലാ സ്ത്രീകൾക്കും 1,000 രൂപയുടെ സ്ത്രീസുരക്ഷാ പെൻഷൻ നൽകുന്ന കാര്യവും പരിഗണനയിലാണ്. നിലവിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, മറ്റൊരു വരുമാനമാർഗമില്ലാത്ത സ്ത്രീകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. പദ്ധതി വിപുലീകരിക്കാനാണ് നിർദേശം.
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതും പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ്. രണ്ട് ദിവസത്തിനകം പ്രകടനപത്രിക പുറത്തിറക്കാനാണ് തീരുമാനം.
തോമസ് ഐസക് ചെയർമാനായ സമിതിയിൽ മാത്യൂ ടി തോമസ്, പ്രകാശ് ബാബു, വർഗീസ് ജോർജ് എന്നിവർ അംഗങ്ങളാണ്. തയ്യാറാക്കിയ കരട് മുഖ്യമന്ത്രി പരിശോധിച്ച് അന്തിമമാക്കും.
