കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലാത്ത പല മണ്ഡലങ്ങളിലും സിപിഐഎമ്മിൽ ധാരണയായി. യുഡിഎഫ് ശക്തികേന്ദ്രമായ ആലുവ മണ്ഡലത്തിൽ മുൻ എംപി എ എം ആരിഫിനെ സ്ഥാനാർഥിയായി പരിഗണിക്കുന്നതായി വിവരം. അദ്ദേഹം മണ്ഡലത്തിൽ മത്സരിക്കാൻ സാധ്യത കൂടുതലാണെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

2011 മുതൽ തുടർച്ചയായി അൻവർ സാദത്ത് വിജയിച്ച് വരുന്ന മണ്ഡലമാണ് ആലുവ. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 18,886 വോട്ടുകൾക്കാണ് അൻവർ സാദത്ത് വിജയിച്ചത്. അടുത്തിടെ നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ഭരണം നേടാൻ യുഡിഎഫിന് കഴിഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണം പ്രകാരം യുഡിഎഫിന് 11,849 വോട്ടുകളുടെ ലീഡുണ്ട്. എന്നിരുന്നാലും ആരിഫിനെ സ്ഥാനാർഥിയാക്കുന്നതിലൂടെ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ മറികടക്കാനാകുമെന്നാണ് സിപിഐഎമ്മിന്റെ കണക്കുകൂട്ടൽ.
ഇതോടൊപ്പം ചില മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർഥി സാധ്യതകളും പാർട്ടിയിൽ ധാരണയായിട്ടുണ്ട്. പ്രമോദ് ദാസ് – കൊണ്ടോട്ടി, ദാമോദരൻ വെങ്ങാട് – വണ്ടൂർ, എ ജി ഉദയകുമാർ – തൃക്കാക്കര, എ കെ നസീർ / എ എം ആരിഫ് – ആലുവ, കുന്നത്ത് മുഹമ്മദ് / എം പി അലവി – മങ്കട, ഹനീഫ പുലാമന്തോൾ / മുസ്ലിം ലീഗിൽ നിന്ന് എത്തുന്ന സ്വതന്ത്രൻ – പെരിന്തൽമണ്ണ എന്നിവരാണ് പരിഗണനയിലുള്ളവർ.
അതേസമയം സിപിഐഎം മത്സരിച്ചിരുന്ന മലപ്പുറം സീറ്റ് എൻസിപിക്ക് നൽകി പകരമായി കോട്ടക്കൽ ഏറ്റെടുക്കാനും ധാരണയായി. കോട്ടക്കലിലോ തിരൂരിലോ വനിതാ സ്ഥാനാർഥിയെ മത്സരിപ്പിക്കാനാണ് തീരുമാനം.
പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർഥിയെ കുറിച്ചുള്ള തീരുമാനം ഇനിയും വൈകും. യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിന് ശേഷം അന്തിമ തീരുമാനം എടുക്കാനാണ് സിപിഐഎമ്മിന്റെ നിലപാട്.
