തിരുവനന്തപുരം: ജോലിക്കായി ഇറാനിലെത്തിയ പത്തോളം മലയാളികൾ തുറമുഖത്ത് കുടുങ്ങിയതായി വിവരം. മെർച്ചന്റ് നേവി ജോലിക്കായി പോയ കൊല്ലം, എറണാകുളം, ആലപ്പുഴ ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ നിന്നുള്ള യുവാക്കളാണ് ഇറാനിലെ ഖോറാംഷഹർ തുറമുഖത്ത് പ്രതിസന്ധിയിലായത്.

ഇവർ കഴിയുന്ന കപ്പലിന് ഏകദേശം 500 മീറ്റർ അകലെവരെ മിസൈൽ പതിച്ചതായി അറിയുന്നു. തുറമുഖത്തിന് സമീപം മിസൈലുകൾ പതിക്കുന്ന ദൃശ്യങ്ങളും യുവാക്കൾ പകർത്തിയിട്ടുണ്ട്. മിസൈൽ പതിച്ചപ്പോൾ ശക്തമായ പ്രകമ്പനം ഉണ്ടായതോടെ കപ്പൽ പോലും കുലുങ്ങിയെന്നും എല്ലാവരും പേടിച്ച് ഓടിയെന്നും കൊല്ലം സ്വദേശി മുഹമ്മദ് ബിലാൽ അയച്ച ശബ്ദസന്ദേശത്തിൽ പറയുന്നു.
നിലവിൽ ഇവർ തുറമുഖത്തുള്ള ഒരു ചെറുബോട്ടിലാണ് കഴിയുന്നതെന്നാണ് ലഭിക്കുന്ന വിവരം. എത്രയും വേഗം നാട്ടിലെത്തിക്കണമെന്നാണ് യുവാക്കളുടെ ആവശ്യം. ഇതുസംബന്ധിച്ച് കമ്പനിയോട് ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് സൂചന.
മകൻ കഴിഞ്ഞ ദിവസം വിളിച്ചിരുന്നുവെന്നും എല്ലാവരും വലിയ ഭയത്തിലാണെന്നും മുഹമ്മദ് ബിലാലിന്റെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷിത സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമങ്ങൾ ഇതുവരെ നടന്നിട്ടില്ലെന്നും അവർ എവിടേക്കും പോകാനാകാതെ പ്രതിസന്ധിയിലാണെന്നും മാതാവ് വ്യക്തമാക്കി.
ബോട്ടിൽ പതിനൊന്ന് മലയാളികൾ ഉണ്ടെന്നാണ് വിവരം. മകൻ ഇറാനിലേക്ക് പോയിട്ട് അഞ്ച് മാസമായെന്നും ക്യാപ്റ്റനും ഏജന്റും അടുത്തിടെ വന്നിരുന്നുവെന്നും വിമാന സർവീസ് പുനഃസ്ഥാപിച്ചാൽ ഉടൻ നാട്ടിലേക്ക് അയക്കാമെന്ന് അവർ അറിയിച്ചിട്ടുണ്ടെന്നും മാതാവ് പറഞ്ഞു.
