ഇസ്ലാമാബാദ്: ഇറാൻ–യുഎസ് മധ്യസ്ഥ ചര്‍ച്ചകള്‍ വെള്ളിയാഴ്ച ഇസ്ലാമാബാദില്‍ ആരംഭിക്കുമെന്ന് ഇറാന്‍ അറിയിച്ചു. രണ്ടാഴ്ചത്തെ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചര്‍ച്ചകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.
ഇറാന്‍ മുന്നോട്ടുവെച്ച പത്ത് നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമ്മതം അറിയിച്ചതിനെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ കരാറിന് ഇറാന്‍ അംഗീകരിച്ചത്. യുഎസ് ഭാഗത്ത് നിന്ന് പതിനഞ്ച് നിര്‍ദേശങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.
പാകിസ്ഥാന്‍ മധ്യസ്ഥതയിലാണ് ഇരു രാജ്യങ്ങളും താത്കാലിക വെടിനിര്‍ത്തല്‍ കരാറിലെത്തിയത്. ഇതിന് പിന്നാലെ ഭാഗികമായി അടച്ചിരുന്ന ഹോർമുസ് കടലിടുക്ക് ഇറാന്‍ വീണ്ടും തുറന്നതും ശ്രദ്ധേയമായി. ചര്‍ച്ചകള്‍ ആരംഭിക്കുന്ന വിവരം ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സിലാണ് അറിയിച്ചത്.
അതേസമയം, ഇറാനെ ഇല്ലാതാക്കുമെന്ന കടുത്ത മുന്നറിയിപ്പ് ട്രംപ് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. തുടര്‍ന്നുണ്ടായ ചര്‍ച്ചകളിലൂടെയാണ് ഇരു രാജ്യങ്ങളും വെടിനിര്‍ത്തലിലേക്ക് എത്തിയത്. യുഎസ് എല്ലാ സൈനിക ലക്ഷ്യങ്ങളും കൈവരിച്ചുവെന്നും ദീര്‍ഘകാല സമാധാന കരാറിലേക്ക് നീങ്ങാമെന്നുമാണ് ട്രംപിന്റെ അവകാശവാദം.
ആക്രമണം അവസാനിപ്പിച്ചാല്‍ മാത്രമേ പ്രതിരോധം നിര്‍ത്തുകയുള്ളുവെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ലെബനന്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ വെടിനിര്‍ത്തലിന് ഇരുപക്ഷവും സമ്മതിച്ചതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു. എന്നാല്‍, സമാധാന കരാറില്‍ ലെബനന്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന നിലപാടിലാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

