അബുദാബി: മിസൈൽ ആക്രമണത്തിന്റെ അവശിഷ്ടങ്ങൾ വീണ് ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ഇറാൻ വിട്ട ബാലിസ്റ്റിക് മിസൈൽ ആകാശത്തുവെച്ച് യുഎഇ തകർത്തുവെങ്കിലും അവശിഷ്ടങ്ങൾ അബുദാബിയിലെ സ്വീഹാൻ പ്രദേശത്ത് വീണതാണ് അപകടത്തിന് കാരണമായത്.

മരിച്ചവരിൽ മറ്റൊരാൾ പാകിസ്ഥാൻ സ്വദേശിയാണ്. പരിക്കേറ്റവരിൽ ഒരാൾ ജോർദാൻ സ്വദേശിയും മറ്റൊരാൾ യുഎഇ പൗരനുമാണ്. ഇതോടെ ഇറാന്റെ ആക്രമണങ്ങളിൽ യുഎഇയിൽ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു. മരിച്ചവരിൽ മൂന്ന് പേർ സൈനികരാണ്.
അതേസമയം ഇറാൻ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഎഇ ഉൾപ്പെടെ അഞ്ച് ഗൾഫ് രാജ്യങ്ങളും ജോർദാനും ചേർന്ന് സംയുക്ത പ്രസ്താവന പുറത്തിറക്കി. ആക്രമണങ്ങളെ യുഎഇ ശക്തമായി അപലപിച്ചിരിക്കുകയാണ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
