എറണാകുളം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തൃപ്തികരമാണെന്ന് വീണ്ടും വ്യക്തമാക്കി. അന്വേഷണം ശരിയായ രീതിയിലും ചിട്ടയോടെയും മുന്നോട്ട് പോകുന്നുവെന്ന് നിരീക്ഷിച്ച കോടതി, അന്വേഷണം പൂർത്തിയാക്കാൻ മേയ് 18 വരെ സമയം നീട്ടി നൽകി.

സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാഫലം ഏപ്രിൽ അവസാനത്തോടെ ലഭ്യമാകുമെന്ന് ജംഷേദ്പൂർ മെറ്റലർജിക്കൽ ലാബ് അറിയിച്ചതായി പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു. അയൽ സംസ്ഥാനങ്ങളിലെ അന്വേഷണവും പൂർത്തിയായതായും സംഘം വ്യക്തമാക്കി.
അതേസമയം, ശബരിമല കൊടിമര പുനഃപ്രതിഷ്ഠയ്ക്ക് ലഭിച്ചത് ആകെ 412.01 ഗ്രാം സ്വർണമാണെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു. സംഭാവന നൽകിയവരിൽ നിന്ന് സ്ഥിരീകരിച്ചതായി 300 ഗ്രാം സ്വർണം മാത്രമാണെന്നും രേഖകൾ വ്യക്തമാക്കുന്നു. കൊടിമരം സ്ഥാപിച്ചതിൽ ക്രമക്കേടോ വിശ്വാസവഞ്ചനയോ ഉണ്ടായിട്ടില്ലെന്നും വിജിലൻസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. റിപ്പോർട്ട് അംഗീകരിച്ച കോടതി, കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട അന്വേഷണ നടപടികൾ അവസാനിപ്പിച്ചു.
