BREAKING NEWS


ഇറാൻ പ്രസിഡന്റുമായി മോദി ഫോണിൽ സംസാരിച്ചു; പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ചർച്ച ചെയ്തു

By Nagaram Network
download 92

ന്യൂഡൽഹി: ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. ഈദ്, നൗറൂസ് ആശംസകൾ അറിയിച്ചതിനൊപ്പം പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെയും കുറിച്ച് ഇരുവരും ചർച്ച നടത്തിയതായി പ്രധാനമന്ത്രി അറിയിച്ചു. ഈ ആഘോഷകാലം പ്രദേശത്ത് സമാധാനവും സ്ഥിരതയും ഐശ്വര്യവും കൊണ്ടുവരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.

പശ്ചിമേഷ്യൻ മേഖലയിൽ പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. ഇത്തരം ആക്രമണങ്ങൾ പ്രാദേശിക സ്ഥിരത തകർക്കുകയും ആഗോള വിതരണ ശൃംഖലയെ ബാധിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രധാന സമുദ്രപാതകളിലൂടെ ആഗോള വ്യാപാരം തടസമില്ലാതെ തുടരേണ്ടതിന്റെ ആവശ്യകതയും മോദി ഊന്നിപ്പറഞ്ഞു. കപ്പൽ ഗതാഗത സ്വാതന്ത്ര്യം സംരക്ഷിക്കുകയും സമുദ്രപാതകൾ സുരക്ഷിതമായി നിലനിർത്തുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ആവർത്തിച്ചു.

ഇസ്രയേൽ-ഇറാൻ സംഘർഷത്തെ തുടർന്ന് ഉണ്ടായ ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ ഉപരോധങ്ങളിൽ താൽക്കാലിക ഇളവ് വന്ന സാഹചര്യത്തിൽ, ഇറാനിൽ നിന്ന് വീണ്ടും എണ്ണ വാങ്ങാനുള്ള നീക്കത്തിലാണ് ഇന്ത്യൻ ശുദ്ധീകരണ സ്ഥാപനങ്ങൾ. ഏഷ്യയിലെ മറ്റ് രാജ്യങ്ങളും സമാന നീക്കങ്ങൾ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. മൂന്ന് ഇന്ത്യന്‍ റിഫൈനറികള്‍ ഇറാനില്‍ നിന്ന് എണ്ണ വാങ്ങുമെന്നാണ് വിവരം. പെയ്‌മെന്റ് നിബന്ധനകള്‍ ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ വ്യക്തതയ്ക്കായി കാത്തിരിക്കുകയാണ് റിഫൈനറികള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *