തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി നടൻ സുധീർ കരമന മത്സരിക്കും. എൽഡിഎഫ് ഔദ്യോഗികമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയായി സുധീർ കരമനയെ തീരുമാനിച്ചതായി സിപിഐഎം നേതാവ് എ. വിജയരാഘവൻ അറിയിച്ചു. നഗരത്തിന്റെ സാംസ്കാരിക പാരമ്പര്യവുമായി ബന്ധമുള്ള വ്യക്തിയാണ് സുധീർ കരമനയെന്നും അദ്ദേഹം പറഞ്ഞു.

ആൻറണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം കോടതി വിലക്കിയതിനെ തുടർന്നാണ് പുതിയ സ്ഥാനാർഥിയെ കണ്ടെത്തേണ്ടി വന്നത്. സന്തോഷം നൽകുന്ന നിമിഷമാണിതെന്നും എല്ലാവരുടെയും സന്തോഷങ്ങളിലും പ്രയാസങ്ങളിലും ഒപ്പമുണ്ടാകുമെന്നും സുധീർ കരമന പ്രതികരിച്ചു.
സിപിഐഎമ്മും ജനാധിപത്യ കേരള കോൺഗ്രസും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് സുധീർ കരമനയെ സ്ഥാനാർഥിയാക്കിയത്. പൊതുസമ്മത സ്ഥാനാർഥി എന്ന നിലയിലാണ് തീരുമാനം. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ ആൻറണി രാജുവിന് പകരം വരുന്ന സ്ഥാനാർഥി പൊതുസമ്മതനായിരിക്കണമെന്നായിരുന്നു എൽഡിഎഫിന്റെ നിലപാട്.
