ഐപിഎൽ ടീമായ റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (RCB) ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. നിലവിലെ ഉടമകളായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ് ഓഹരികൾ വിൽക്കാൻ തീരുമാനിച്ചതോടെയാണ് ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടപാടുകളിലൊന്നിന് വഴിയൊരുങ്ങുന്നത്. നിലവിൽ രണ്ട് വമ്പൻ ഗ്രൂപ്പുകളാണ് ടീമിനെ സ്വന്തമാക്കാനായി അന്തിമ പട്ടികയിലുള്ളതെന്ന് ‘ദി ഇന്ത്യൻ എക്‌സ്‌പ്രസ്’ റിപ്പോർട്ട് ചെയ്യുന്നു.

സ്വീഡൻ ആസ്ഥാനമായുള്ള പ്രമുഖ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ഇക്യുടി (EQT) ആണ് ലേലത്തിൽ നിലവിൽ മുൻതൂക്കം നേടിയിരിക്കുന്നത്. ഏകദേശം 2 ബില്യൺ ഡോളറിൽ (ഏകദേശം 16,600 കോടി രൂപ) അധികം തുക ഇക്യുടി ബിഡ് ചെയ്തതായാണ് സൂചനകൾ. ഇക്യുടിക്കൊപ്പം മണിപ്പാൽ ഹോസ്പിറ്റൽസ് ഗ്രൂപ്പിന്റെ രഞ്ജൻ പൈ കൺസോർഷ്യവും ശക്തമായി രംഗത്തുണ്ട്. യുഎസ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ കെ.കെ.ആർ, സിംഗപ്പൂരിലെ ടെമാസെക് എന്നിവർ ചേർന്നുള്ള സഖ്യമാണിത്.
ആദ്യഘട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളായ ഗ്ലേസർ കുടുംബവും അദാർ പൂനാവാലയുടെ സിറം ഇൻസ്റ്റിറ്റ്യൂട്ടും താൽപ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. 1.8 ബില്യൺ ഡോളറിന്റെ ബിഡ്ഡാണ് ഗ്ലേസേഴ്‌സ് സമർപ്പിച്ചിരുന്നത്. 2025-ലെ ഐപിഎൽ ചാമ്പ്യന്മാരായ ആർസിബിയുടെ വിപണി മൂല്യം കുതിച്ചുയർന്ന സാഹചര്യത്തിലാണ് റെക്കോർഡ് തുകയ്ക്ക് ടീം കൈമാറപ്പെടുന്നത്. മാർച്ച് 31-നുള്ളിൽ പുതിയ ഉടമസ്ഥരെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
