ജി.വി. പ്രകാശ് കുമാർ നായകനാകുന്ന കംപ്ലീറ്റ് ഫാമിലി എന്റർടെയ്‌നർ ചിത്രം ‘ഹാപ്പി രാജ്’ മാർച്ച് 27-ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയ്‌ലർ പ്രമുഖ നടൻ ധനുഷ് സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കി. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ട്രെയ്‌ലർ ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചു കഴിഞ്ഞു. പ്രണയവും നർമ്മവും ജീവിതാനുഭവങ്ങളും കോർത്തിണക്കി മറിയ രാജ എലാഞ്ചെഴിയൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ബിയോണ്ട് പിക്ചേഴ്സിന്റെ ബാനറിൽ ജയവർധൻ നിർമ്മിക്കുന്ന ചിത്രത്തിന് ജസ്റ്റിൻ പ്രഭാകരനാണ് സംഗീതം പകരുന്നത്.

ഗൗരി പ്രിയ നായികയാകുന്ന ചിത്രത്തിൽ മലയാളികൾക്ക് പ്രിയങ്കരനായ നടൻ അബ്ബാസ് ഏറെക്കാലത്തിന് ശേഷം ശ്രദ്ധേയമായ വേഷത്തിൽ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ജോർജ് മറിയൻ, ഗീത കൈലാസം, അധിര, അരുൺ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാണ്. മാധൻ ക്രിസ്റ്റഫർ ഛായാഗ്രഹണവും സെൽവ ആർ.കെ എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് എസ്എസ്ആർ എന്റർടെയ്ൻമെന്റ്സ് ആണ്. കുടുംബസമേതം ആസ്വദിക്കാവുന്ന ഒരു പക്കാ കോമഡി-റൊമാന്റിക് എന്റർടെയ്‌നറായിരിക്കും ‘ഹാപ്പി രാജ്’ എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.
