
ഹരിയാന: രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തതിനായി അഞ്ച് കോൺഗ്രസ് എംഎൽഎമാരെ പാർട്ടി സസ്പെൻഡ് ചെയ്തു. ഷെല്ലി ചൗധരി, ജർനെയ്ൽ സിങ്, മുഹമ്മദ് ഇല്യാസ്, മുഹമ്മദ് ഇസ്രെയ്ൽ, രെനു ബാല എന്നിവർക്കെതിരെയാണ് നടപടി.
പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയായ കരംവീർ സിങ് ബൗധിനെതിരായി വോട്ട് ചെയ്തതിനെ അച്ചടക്ക ലംഘനമായി വിലയിരുത്തിയാണ് നടപടി. സ്റ്റേറ്റ് ഡിസിപ്ലിനറി കമ്മിറ്റിയുടെയും എഐസിസിയുടെയും ശുപാർശ പ്രകാരമാണ് സസ്പെൻഷൻ നടപ്പാക്കിയത്.
മുൻപ് ഔദ്യോഗിക സ്ഥാനാർഥിക്ക് വോട്ട് ചെയ്യാത്തതിനെ തുടർന്ന് അഞ്ച് എംഎൽഎമാർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ധരംപാൽ മാലിക്കിന്റെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതി ഇവരുടെ വിശദീകരണം പരിശോധിച്ചതിന് ശേഷമാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്.
