BREAKING NEWS


​”ഇനി ഒരു കുട്ടിക്കും ഈ ഗതി വരരുത്”; ഉത്തരാഖണ്ഡിലെ വംശീയ ആക്രമണത്തിൽ മരിച്ച യുവാവിന്റെ പിതാവ്

By Nagaram Network
thripura

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ വംശീയ അധിക്ഷേപത്തിന് പിന്നാലെ ത്രിപുര സ്വദേശിയായ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ വികാരാധീനനായി പിതാവ് തരുൺ പ്രസാദ് ചക്മ. “എനിക്ക് മകനെ നഷ്ടപ്പെട്ടതുപോലെ ഇനി മറ്റൊരു പിതാവിനും മകനെ നഷ്ടപ്പെടരുത്” എന്ന് ബിഎസ്എഫ് ജവാൻ കൂടിയായ അദ്ദേഹം പറഞ്ഞു.

സ്വകാര്യ സർവകലാശാലയിലെ എംബിഎ വിദ്യാർത്ഥിയായ ഏഞ്ചൽ ചക്മയും സഹോദരൻ മൈക്കൽ ചക്മയുമാണ് ആക്രമിക്കപ്പെട്ടത്. രൂപസാദൃശ്യം വെച്ച് ഇവർ ചൈനക്കാരാണെന്ന് ആരോപിച്ചായിരുന്നു പ്രദേശവാസികളുടെ ആക്രമണം. തങ്ങൾ ത്രിപുരയിൽ നിന്നുള്ളവരാണെന്ന് വ്യക്തമാക്കിയെങ്കിലും അക്രമിസംഘം പിന്മാറിയില്ല.
​മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഏഞ്ചലിന്റെ കഴുത്തിനും വയറിനും കുത്തേൽക്കുകയും നട്ടെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സഹോദരൻ മൈക്കലിന് തലയ്ക്കാണ് പരിക്കേറ്റത്. 17 ദിവസം ആശുപത്രിയിൽ മരണത്തോട് പോരാടിയ ശേഷം ഡിസംബർ 26-നാണ് ഏഞ്ചൽ അന്തരിച്ചത്.

ഉത്തരാഖണ്ഡ് സർക്കാരിനോടും കേന്ദ്ര സർക്കാരിനോടും എനിക്ക് പറയാനുള്ളത് ഇത് നിർത്തണമെന്നാണ്. ഡൽഹിയിലോ ബെംഗളൂരുവിലോ ഡെറാഡൂണിലോ പഠിക്കാനെത്തുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കുട്ടികൾക്ക് ഇനിയെങ്കിലും സുരക്ഷിതമായി പഠിക്കാനുള്ള സാഹചര്യം ഉണ്ടാകണം. കേസ് എടുക്കാൻ ആദ്യം പൊലീസ് വിസമ്മതിച്ചെന്നും പിന്നീട് വിദ്യാർത്ഥി സംഘടനകളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് നടപടിയുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.

ഇതൊരു വംശീയ ആക്രമണമല്ലെന്നും പ്രദേശവാസികൾ തമാശയായി പറഞ്ഞ കാര്യങ്ങൾ യുവാക്കൾ എതിർത്തപ്പോൾ ആക്രമണത്തിൽ കലാശിച്ചതാണെന്നുമാണ് പൊലീസിന്റെ വാദം. എന്നാൽ തന്റെ മകന് നീതി ലഭിക്കുമെന്നും രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും തരുൺ ചക്മ കൂട്ടിച്ചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *