ബെംഗളൂരു: കുട്ടികളിലെ മൊബൈൽ-ഇന്റർനെറ്റ് ഉപയോഗം നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് കർണാടക സർക്കാർ ‘ഡിജിറ്റൽ ഡിറ്റോക്സ്’ പദ്ധതിയുടെ കരട് നിർദേശങ്ങൾ പുറത്തിറക്കി. വിദ്യാർത്ഥികളുടെ മാനസികാരോഗ്യവും ശാരീരികക്ഷമതയും സംരക്ഷിക്കുന്നതിനായി ദിവസേന സ്ക്രീൻ ഉപയോഗം ഒരു മണിക്കൂറായി പരിമിതപ്പെടുത്താനാണ് നീക്കം. വൈകിട്ട് 7 മണിക്ക് ശേഷം കുട്ടികൾക്ക് ഇന്റർനെറ്റ് ലഭ്യമാകില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

സാങ്കേതികവിദ്യയുടെ അമിത ഉപയോഗം കുട്ടികളുടെ വൈകാരിക വളർച്ചയെ ബാധിക്കുന്നുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് പദ്ധതി. ഇതിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും ‘ഡിജിറ്റൽ ക്ഷേമ സമിതികൾ’ രൂപീകരിക്കും. കുട്ടികളിൽ സാങ്കേതിക ആശ്രിതത്വത്തിന്റെ ആദ്യ ലക്ഷണങ്ങൾ തിരിച്ചറിയുകയും ആവശ്യമായ കൗൺസലിംഗ് ഉൾപ്പെടെ സഹായങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇവയുടെ പ്രധാന ചുമതല.
ഡിജിറ്റൽ സാക്ഷരതയും ഓൺലൈൻ സുരക്ഷയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും നിർദേശം ഉണ്ട്. കുട്ടികളുടെ ഡിജിറ്റൽ ഉപയോഗം നിയന്ത്രിക്കുന്നതിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്ക് നിർണായകമാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. സ്ക്രീൻ ഉപയോഗം നിയന്ത്രിക്കാൻ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും. വീട്ടിൽ കുട്ടികൾക്ക് നിശ്ചിത സ്ക്രീൻ സമയം നിശ്ചയിക്കാനും ഡിജിറ്റൽ ഉപകരണങ്ങളില്ലാത്ത സമയം ഉറപ്പാക്കാനും രക്ഷിതാക്കൾക്ക് മാർഗനിർദേശം നൽകും.
ഇതിന് മുമ്പ് തന്നെ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് കർണാടക സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
