തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെ നേമം മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണത്തിനായി അഘോരി സ്വാമിമാർ എത്തിയതിനെ പരിഹസിച്ച് എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടി. ഉത്തർപ്രദേശിൽ നിന്നുള്ള സ്വാമിമാരാണ് എത്തിയതെന്നും, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരമാണെന്നുമാണ് വിവരം.

നേമം മണ്ഡലത്തിൽ 23 സ്കൂളുകളുണ്ടെന്നും പഠനസമയത്ത് നൂറുകണക്കിന് അഘോരി സ്വാമിമാർ നിരത്തിലിറങ്ങിയാൽ കുട്ടികൾ പേടിക്കുമെന്നും വി. ശിവൻകുട്ടി പറഞ്ഞു. ഇത്തരം സ്വാമിമാർക്ക് ഇവിടെ വോട്ട് ലഭിക്കുമെന്നാണ് തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ബിജെപി സ്ഥാനാർഥി കാണേണ്ടത് സാധാരണക്കാരായ മലയാളികളെയാണെന്ന് യുഡിഎഫ് സ്ഥാനാർഥി കെ. എസ്. ശബരീനാഥൻ പ്രതികരിച്ചു. യോഗി ആദിത്യനാഥിന്റെ നാട്ടിൽ നിന്നാണ് സ്വാമിമാർ എത്തിയതെന്ന് കേട്ടതാണെന്നും, അതിൽ കൂടുതൽ പറയാനില്ലെന്നും അദ്ദേഹം പരിഹസിച്ചു.
