ഗാന്ധിനഗര്‍: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഇറാൻ കർശന ഉപരോധം ഏർപ്പെടുത്തിയ ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യൻ എൽപിജി കപ്പലായ ‘നന്ദാദേവി’ സുരക്ഷിതമായി ഗുജറാത്ത് തീരത്തെത്തി. ഏകദേശം 46,000 മെട്രിക് ടൺ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (LPG) വഹിച്ചുകൊണ്ടാണ് കപ്പൽ എത്തിയത്. തൊട്ടുമുമ്പത്തെ ദിവസം ‘ശിവാലിക്’ എന്ന മറ്റൊരു ഗ്യാസ് വാഹിനിയും ഇന്ത്യയിൽ എത്തിയിരുന്നു. ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെയും കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രാലയത്തിന്റെയും കൃത്യമായ ഇടപെടലിലൂടെയാണ് അതീവ അപകടസാധ്യത നിലനിൽക്കുന്ന ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.

ലോകത്തെ പ്രധാന സമുദ്രപാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ആഗോളതലത്തിൽ ഇന്ധനവിലയിൽ 40 മുതൽ 50 ശതമാനം വരെ വർദ്ധനവുണ്ടായിരുന്നു. അമേരിക്ക, ഇസ്രായേൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയുടെ കപ്പലുകൾക്ക് വിലക്ക് തുടരുമ്പോഴും ഇന്ത്യൻ കപ്പലുകൾക്ക് പ്രത്യേകാനുമതി ലഭിച്ചത് ശ്രദ്ധേയമായ നയതന്ത്ര വിജയമാണ്. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ നടത്തിയ ചർച്ചകളെത്തുടർന്നാണ് ഇന്ത്യൻ കപ്പലുകൾ ആക്രമിക്കില്ലെന്ന് ഇറാൻ ഉറപ്പ് നൽകിയത്. യാത്രയിലുടനീളം ഇന്ത്യൻ, ഇറാനിയൻ നാവികസേനകൾ കപ്പലുകൾക്ക് ആവശ്യമായ സുരക്ഷയും സഹായവും നൽകിയിരുന്നു.
