തിരുവനന്തപുരം: മുള്ളൻപന്നിയെ അടിച്ചു കൊന്ന കേസിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡൻ്റും സിപിഐഎം നേതാവുമായ ശശി കീഴടങ്ങി. പരുത്തിപ്പള്ളി വനം വകുപ്പ് ഓഫീസർക്ക് മുന്നിലാണ് അദ്ദേഹം കീഴടങ്ങിയത്. സംഭവത്തിന് പിന്നാലെ ഒളിവിലായിരുന്ന ശശിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് മുള്ളൻപന്നിയെ അടിച്ചു കൊന്നതിനാണ് വനം വകുപ്പ് കേസ് എടുത്തത്. ഫെബ്രുവരി 28നാണ് സംഭവം നടന്നത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ശശി സെക്രട്ടറിയേറ്റിൽ എത്തിയതും വിവാദമായിരുന്നു.
നാട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് ശശി മുള്ളൻപന്നിയെ കൊന്നതെന്ന് പറയുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാൽ കേസ് ആകുമെന്ന് മുന്നറിയിപ്പ് നൽകിയപ്പോഴും തനിക്ക് പേടിയില്ലെന്ന് ശശി പറഞ്ഞതായും നാട്ടുകാർ പറയുന്നു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തുംമുമ്പ് ശശി അവിടെ നിന്ന് പോയിരുന്നു.
