തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചട്ടങ്ങൾ വിശദീകരിക്കുന്ന കത്തിൽ ബിജെപി സീൽ പതിച്ച സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പുറത്തുവിട്ട എഐ വീഡിയോ പിൻവലിച്ചു. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരേ ഓഫീസിൽ പ്രവർത്തിക്കുന്നുവെന്നാരോപിക്കുന്ന തരത്തിലായിരുന്നു വീഡിയോ.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തെ തുടർന്ന് സീൽ വിവാദവുമായി ബന്ധപ്പെട്ട സാമൂഹികമാധ്യമ പോസ്റ്റുകളിൽ നടപടി ആരംഭിച്ചതിനിടെയാണ് വീഡിയോ നീക്കം ചെയ്തത്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിൽ ബിജെപി സീൽ പതിച്ച കത്ത് കമ്മീഷന് ലഭിച്ചിരുന്നുവെന്നും, അത് തെറ്റായി രാഷ്ട്രീയ പാർട്ടികൾക്ക് അയച്ചതാണെന്നും പിന്നീട് പിശക് തിരുത്താൻ നടപടിയെടുത്തതായും കമ്മീഷൻ വിശദീകരിച്ചിരുന്നു. സിപിഐഎമ്മിന്റെ ആരോപണത്തിന് പിന്നാലെയായിരുന്നു ഈ വിശദീകരണം.
