തിരുവനന്തപുരം: ശബരിമല തീർത്ഥാടകരെ രാത്രി വഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ കെഎസ്ആർടിസി അടിയന്തര അച്ചടക്കനടപടി സ്വീകരിച്ചു. പൂവാർ ഡിപ്പോയിലെ കണ്ടക്ടർ കെ. എൻ. പ്രേമസുതനെ കാഞ്ഞങ്ങാട് ഡിപ്പോയിലേക്ക് സ്ഥലംമാറ്റി. കണ്ടക്ടറുടെ പ്രവൃത്തി സ്ഥാപനത്തിന്റെ സൽപേരിന് കളങ്കമുണ്ടാക്കിയതായി വിലയിരുത്തിയതോടെയാണ് നടപടി. എംപാനൽ ഡ്രൈവറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും അധികൃതർ അറിയിച്ചു.

ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നൽകിയ നിർദേശപ്രകാരമാണ് നടപടി. കൊല്ലം സ്വദേശികളായ തീർത്ഥാടക സംഘം മന്ത്രിക്ക് പരാതി നൽകിയിരുന്നു. നിലയ്ക്കൽ സമീപത്ത് കെഎസ്ആർടിസി ബസിൽ നിന്ന് തീർത്ഥാടകരെ ഇറക്കിവിട്ടുവെന്നായിരുന്നു ആരോപണം.
സ്ത്രീകളും വയോധികരും കുഞ്ഞുമടങ്ങിയ 13 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോകാനായി ബസിൽ കയറിയ ഇവരെ സ്റ്റാൻഡിൽ പ്രവേശിപ്പിക്കാതെ ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള വനമേഖലയിൽ ഇറക്കിവിട്ടുവെന്നാണ് പരാതിയിൽ പറയുന്നത്. നിലയ്ക്കൽ സ്റ്റാൻഡിലേക്ക് ബസ് പോകില്ലെന്ന് അറിയിച്ച ശേഷം ബസ് മുന്നോട്ടുപോയതായും സംഘം ആരോപിച്ചു.
