BREAKING NEWS


തൃശൂര്‍ വെടിക്കെട്ട് ദുരന്തം: പാറമേക്കാവിൻ്റെ വെടിക്കെട്ട് നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ

By Nagaram Network
download 32

മുണ്ടത്തിക്കോട് ദുരന്തം: പാറമേക്കാവ് വെടിക്കെട്ട് നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ; പ്രത്യേക ദുരന്തമായി പ്രഖ്യാപനം

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന് പിന്നാലെ പാറമേക്കാവ് ദേവസ്വത്തിന്റേതായ വെടിക്കെട്ട് നിർമാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകി. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ചിറ്റൂർ തഹസിൽദാർ ആർ. രാമചന്ദ്രനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പാലക്കാട് മുതലമടയിലെ വെള്ളാരംകടവിൽ പ്രവർത്തിക്കുന്ന പടക്ക നിർമാണശാലയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കണമെന്നാണ് നിർദേശം.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മുണ്ടത്തിക്കോട് പടക്കപ്പുരയിൽ വൻ സ്ഫോടനം ഉണ്ടായത്. തൃശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടി ദേവസ്വത്തിനായി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന സ്ഥലത്തായിരുന്നു അപകടം. സംഭവത്തിൽ 13 പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

തുടർച്ചയായ സ്ഫോടന ശബ്ദവും പുക ഉയരുന്നതും ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. അപകട സാധ്യത കണക്കിലെടുത്ത് ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു താൽക്കാലിക പടക്കപ്പുര ഒരുക്കിയിരുന്നത്.

വെടിക്കെട്ട് അപകടത്തെ സംസ്ഥാന സവിശേഷ ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു. സംഭവത്തിൽ ന്യായാധിപതിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുമെന്നും, അന്വേഷണ ചുമതല ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർക്കു നൽകിയതായും സർക്കാർ അറിയിച്ചു.

മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതം ധനസഹായം നൽകാനും, പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ അടിയന്തിര സഹായമായി അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചികിത്സാ ചെലവ് മുഴുവൻ സർക്കാർ വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *