
മലപ്പുറം: വാൽപ്പാറയിൽ പത്ത് പേരുടെ ജീവൻ കവർന്ന വാഹനാപകടത്തിൽ നിന്ന് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ട പത്തുവയസുകാരി മസ്‌നീൻ ആശുപത്രി വിട്ടു. വയറ്റിൽ ആന്തരിക രക്തസ്രാവമുണ്ടായിരുന്ന കുട്ടി നാല് ദിവസമായി പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിലെ ശസ്ത്രക്രിയാതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇപ്പോൾ ആരോഗ്യനില സാധാരണയായതായി ഡോക്ടർമാർ അറിയിച്ചു. തുടർന്ന് പിതാവ് അബ്ദുൾ ഹക്കീമിനൊപ്പം മസ്‌നീൻ വീട്ടിലേക്ക് മടങ്ങി.
അപകടത്തിൽ മാതാവ് മരിച്ച വിവരം ഇപ്പോഴും കുട്ടിയെ അറിയിച്ചിട്ടില്ല. കുറച്ച് ദിവസത്തെ വിശ്രമത്തിന് ശേഷം മാനസികാരോഗ്യ വിദഗ്ധരുടെ നിർദേശപ്രകാരം വിവരം അറിയിക്കാനാണ് തീരുമാനം. പാങ്ങ് ജിയുപി സ്കൂളിലെ പ്രാഥമിക വിഭാഗം അധ്യാപികയായ ഷക്കീല അപകട സ്ഥലത്ത് തന്നെ മരിച്ചു.
ചുരത്തിന്റെ 13-ാം വളവിൽ നിന്ന് ഒമ്പതാം വളവിലേക്ക് വീണ് തകർന്ന വാഹനത്തിനുള്ളിൽ നിന്ന് അപകടം കണ്ട് എത്തിയ ഒരു ടാക്‌സി ഡ്രൈവറാണ് മസ്‌നീനെ രക്ഷിച്ചത്. തുടർന്ന് പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇതിനിടെ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് ഇന്ന് മരിച്ചു. മറ്റ് പരിക്കേറ്റവരായ ഷഹദിൻ, മുഹമ്മദ് ഫായിസ് എന്നിവർ ഇപ്പോഴും കോയമ്പത്തൂരിൽ ചികിത്സയിലാണ്.
