എറണാകുളം: തൃശൂരിലെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതിയിൽ തിരിച്ചടി. തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കില്ലെന്ന അദ്ദേഹത്തിന്റെ ഉപഹർജി കോടതി തള്ളി. സിപിഐ നേതാവ് സമർപ്പിച്ച ഹർജിയിൽ സുരേഷ് ഗോപി വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഹർജി കോടതിയിലെത്തിയത്. എഐവൈഎഫ് നേതാവാണ് ഹർജി സമർപ്പിച്ചത്. മതവികാരം ഉണർത്തിയാണ് സുരേഷ് ഗോപി തെരഞ്ഞെടുപ്പിൽ വിജയം നേടിയതെന്നതാണ് പ്രധാന ആരോപണം.
വോട്ടെടുപ്പ് ദിനത്തിൽ എ.പി. അബ്ദുള്ളക്കുട്ടി മണ്ഡലത്തിൽ എത്തി ഭഗവാന്റെ പേരിൽ വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ചതായും, ഇത് സുരേഷ് ഗോപി പ്രേരിപ്പിച്ചതാണെന്നും ഹർജിയിൽ പറയുന്നു. കൂടാതെ വോട്ടർമാർക്ക് പ്രലോഭനങ്ങൾ നൽകിയതായും, ഫോൺ നൽകി സഹായിച്ചതായും, പെൻഷൻ വാഗ്ദാനം ചെയ്തതായും ഹർജിയിൽ ആരോപിക്കുന്നു.
ഇതിനിടെ, ഹൈക്കോടതി നിലപാട് സ്വാഗതാർഹമാണെന്ന് സിപിഐ പ്രതികരിച്ചു. തൃശൂരിലെ വിജയം ക്രമക്കേടുകൾ വഴി നേടിയതാണെന്ന് വി.എസ്. സുനിൽ കുമാർ ആരോപിച്ചു. തെരഞ്ഞെടുപ്പ് അഴിമതികളിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കുന്നതിന് എതിരായ പോരാട്ടത്തിന്റെ ഭാഗമാണ് ഈ നിയമനടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

