എറണാകുളം: തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർഥികളെ നിയോഗിക്കുന്നതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഇത്തരത്തിലുള്ള നീക്കങ്ങൾ ജനാധിപത്യത്തെ കൊലചെയ്യുന്നതിന് തുല്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കുന്ന രീതിയിലുള്ള അപര സ്ഥാനാർഥിത്വം തടയണമെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് നിർദേശം നൽകിയത്. അപര സ്ഥാനാർഥികളെ നിയോഗിക്കുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയെ തന്നെ ബാധിക്കുമെന്നും, യഥാർത്ഥ സ്ഥാനാർഥികൾക്ക് വോട്ട് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും കോടതി പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇത്തരം പ്രവണത പിന്തുടരുന്നതായി കോടതി വിമർശിച്ചു.
തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥി സമർപ്പിച്ച ഹർജിയിലാണ് കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്. അഞ്ജലി പി.വി. എന്ന ഔദ്യോഗിക പേരിനുപകരം വോട്ടിംഗ് മെഷീനിൽ ‘അഞ്ജലി നായർ’ എന്ന് ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. വിഷയത്തിൽ ആവശ്യമായ പരിഗണന നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിർദേശം നൽകി.

