ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി താൽക്കാലികമായി അടച്ചിട്ട വ്യോമപാതകൾ യുഎഇ പുനരാരംഭിച്ചു. ഇന്ന് പുലർച്ചെ ‘അസാധാരണ മുൻകരുതൽ നടപടി’ എന്ന നിലയിൽ ഒരു മണിക്കൂർ നേരത്തേക്കാണ് സിവിൽ ഏവിയേഷൻ അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തിയത്. ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചുവെന്ന് അധികൃതർ അറിയിച്ചെങ്കിലും അബുദാബിയിലെ ഷാഹ് ഓയിൽ ഫീൽഡിലും ഫുജൈറയിലെ വ്യവസായ മേഖലയിലും ഡ്രോൺ പതിച്ച് തീപിടിത്തമുണ്ടായി. എണ്ണപ്പാടത്തുണ്ടായ തീപിടിത്തത്തിൽ ആളപായമില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.

സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസുകൾ തുടരാൻ തീരുമാനിച്ചു. സ്പ്രിങ് വെക്കേഷന് ശേഷം മാർച്ച് 22 മുതൽ രണ്ടാഴ്ച കൂടി നഴ്സറികൾ മുതൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെ ഓൺലൈൻ രീതിയിൽ പ്രവർത്തിക്കും. സുരക്ഷാ സാഹചര്യം മുൻനിർത്തിയാണ് ഈ നടപടി.
അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങളും കെട്ടിച്ചമച്ച വീഡിയോകളും പ്രചരിപ്പിച്ച 35 പേരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ 19 പേർ ഇന്ത്യക്കാരാണെന്നാണ് ലഭിക്കുന്ന വിവരം. രാജ്യത്തെ സുരക്ഷാ നടപടികളെ ബാധിക്കുന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
