തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനും മുഖ്യമന്ത്രി പിണറായി വിജയനും ഭരണത്തുടർച്ച ആശംസിച്ച നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസന് മറുപടി നൽകി മുഖ്യമന്ത്രി. കമൽഹാസൻ കേരളത്തിന് അന്യനല്ലെന്നും ഈ മണ്ണ് കേരളീയരുടേത് പോലെ തന്നെ അദ്ദേഹത്തിന്റേതു കൂടിയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും മണ്ണിൽ ആരും അന്യരല്ലെന്നും ജനക്ഷേമത്തിലും വികസനത്തിലും ഉറച്ചുനിന്ന് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കമൽഹാസന്റെ പിന്തുണയ്ക്കും ഊഷ്മളമായ ആശംസകൾക്കും നന്ദി അറിയിച്ച മുഖ്യമന്ത്രി, പുരോഗമന മനോഭാവത്തോടെ ഒന്നിച്ച് നിൽക്കാമെന്നും കേരളം തീർച്ചയായും വിജയിക്കുമെന്നും കൂട്ടിച്ചേർത്തു.

സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലായിരുന്നു കമൽഹാസൻ മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പിണറായി വിജയന്റെ വിജയം കേരളത്തിന്റെ കൂടി വിജയമാണെന്നും കഴിഞ്ഞ പത്ത് വർഷത്തെ വികസന പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ശരിയായ തീരുമാനം കൈക്കൊള്ളാൻ കേരള ജനതയോട് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. താൻ പുറത്തുനിന്നുള്ള ആളാണെന്ന് ചിലർക്ക് തോന്നിയേക്കാമെങ്കിലും കേരളവുമായി തനിക്ക് ആഴത്തിലുള്ള വൈകാരിക ബന്ധമുണ്ടെന്നും അതുകൊണ്ട് തന്നെ ‘കേരളം എന്റെ കേരളം കൂടിയാണെന്നും’ കമൽഹാസൻ തന്റെ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. തെന്നിന്ത്യൻ രാഷ്ട്രീയത്തിലും സിനിമയിലും വലിയ സ്വാധീനമുള്ള കമൽഹാസന്റെ ഈ പിന്തുണ തിരഞ്ഞെടുപ്പ് വേളയിൽ ഇടതുമുന്നണിക്ക് വലിയ ഊർജ്ജമാണ് നൽകുന്നത്.
